പാകിസ്ഥാനില്‍ ‘ജനഗണമന’യ്‌ക്കെന്ത് കാര്യം? സംഭവിച്ചത് വന്‍ അബദ്ധം; വെട്ടിലായി ഐസിസി

Jaihind News Bureau
Saturday, February 22, 2025

ചാമ്പ്യന്‍സ് ട്രോഫി നാലാം മല്‍സരം ലാഹോര്‍ സ്‌റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. മല്‍സരത്തില്‍ ഓസ്ട്രേലിയയും ഇംഗ്ലണ്ടുമാണ് ഏറ്റുമുട്ടുന്നത്. മല്‍സരത്തിന് മുന്നോടിയായി സംഘാടകര്‍ക്ക് സംഭവിച്ച വന്‍ അബദ്ധമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. മല്‍സരം ആരംഭിക്കുന്നതിന് മുന്നോടിയായി അതാത് ടീമിന്റെ ദേശീയ ഗാനം പ്ലേ ചെയ്യാറുണ്ട്. ഓസ്ട്രേലിയയുടെ ദേശീയ ഗാനത്തിന് പകരം ഇന്ത്യയുടെ ‘ജനഗണമന’ യാണ് സ്റ്റേഡിയത്തില്‍ മുഴങ്ങി കേട്ടത്. രണ്ട് സെക്കന്റ് നേരത്തേക്കാണ് ഈ അബദ്ധം സംഭവിച്ചത്.

ഓരോ മത്സരത്തിനും മുമ്പായി ഇരു ടീമുകളുടെയും ദേശീയ ഗാനങ്ങള്‍ ആലപിക്കും. ഇംഗ്ലണ്ടിന്റെ ‘ഗോഡ് സേവ് ദി കിംഗ്’ എന്ന ഗാനത്തിന് പിന്നാലെ ‘അഡ്വാന്‍സ് ഓസ്ട്രേലിയ ഫെയര്‍’ എന്ന ഓസ്ട്രേലിയയുടെ ദേശീയ ഗാനമായിരുന്നു വരേണ്ടിയിരുന്നത്. അവിടെയാണ് ഐസിസിക്ക് അബദ്ധം സംഭവിച്ചത്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന ഈ പിശക് മാത്രമല്ല, ഇതിനുമുമ്പും, ഐസിസിയുടെ ഭാഗത്തു നിന്നും ഇത്തരം വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. സംഭവത്തില്‍ ഐസിസി വീഴ്ച മനസ്സിലാക്കി എന്നാണ് റിപ്പോർട്ടുകള്‍.