“മണിപ്പൂർ കി ബാത്തിന് എന്ത് സംഭവിച്ചു?”; പ്രധാനമന്ത്രി എത്രയും വേഗം മണിപ്പൂര്‍ സന്ദര്‍ശിക്കണം; ജയ്റാം രമേശ് എംപി

Jaihind Webdesk
Monday, June 12, 2023

ന്യൂഡല്‍ഹി: മണിപ്പൂരിലെ വംശീയ സംഘട്ടനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് മാധ്യമ വിഭാഗം ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ്. ‘മണിപ്പൂര്‍ കി ബാത്തിന് എന്ത് സംഭവിച്ചു?’ മന്‍ കി ബാത്തിന്‍റെ 100-ാം എപ്പിസോഡിന് ശേഷമുള്ള അക്രമങ്ങളെക്കുറിച്ച് ഒന്നും പറയാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ചോദിച്ചു.

‘കേന്ദ്ര ആഭ്യന്തരമന്ത്രി 3 ദിവസത്തെ സന്ദര്‍ശനത്തിനായി മണിപ്പൂരില്‍ പോയി നിരവധി നടപടികള്‍ പ്രഖ്യാപിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും സംസ്ഥാനം കത്തുന്നത് തുടരുകയാണ്. എല്ലാ ചുറ്റുപാടുകളിലും അക്രമവും തീവെപ്പും തുടരുകയാണ്.
വംശീയ അക്രമം ബാധിച്ച രണ്ട് സമുദായങ്ങള്‍ താമസിക്കുന്ന എല്ലാ പെരിഫറല്‍ പ്രദേശങ്ങളിലും അക്രമവും തീവെപ്പും തുടരുകയാണ്. പല ജില്ലകളിലും ക്രോസ് ഫയറിംഗ് നടക്കുന്നു. അവശ്യവസ്തുക്കളുടെ ലഭ്യതയില്ലാത്ത ഗുരുതരമായ പ്രതിസന്ധിയില്‍ ദേശീയ പാതയായ എന്‍എച്ച്-2, എന്‍എച്ച്-37 എന്നിവ ഇപ്പോഴും തടസ്സപ്പെട്ടിരിക്കുകയാണ്. 349 ദുരിതാശ്വാസ ക്യാമ്പുകളിലായി 50,000 പേരെങ്കിലും മാറ്റിപ്പാര്‍പ്പിക്കപ്പെട്ടവരുടെ എണ്ണം ഒരു ലക്ഷത്തിലേറെയാണ്, ” എന്നിട്ടും ഈ മൗനം എന്നുകൊണ്ടാണെന്നും ജയ്‌റാം രമേശ് ചോദിച്ചു.

‘ഭരണകൂടത്തില്‍ വിശ്വാസം പുനഃസ്ഥാപിക്കുന്നതിനും സംസ്ഥാനത്ത് സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനും എല്ലാ ശ്രമങ്ങളും നടത്താന്‍ പ്രധാനമന്ത്രി തന്റെ മൗനം വെടിഞ്ഞ് എത്രയും വേഗം മണിപ്പൂര്‍ സന്ദര്‍ശിക്കണം.’

മണിപ്പൂരിലെ എല്ലാ പ്രശ്നബാധിത പ്രദേശങ്ങളും സന്ദര്‍ശിക്കാനും എല്ലാ ഗ്രൂപ്പുകളുമായും  ഇടപഴകാനും ദേശീയ സര്‍വകക്ഷി സംഘത്തെ അനുവദിക്കണമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെട്ടു.

മെയ് 3 ന്, മണിപ്പൂര്‍ ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് ഓള്‍ ട്രൈബല്‍ സ്റ്റുഡന്‍റ്സ് യൂണിയന്‍  നടത്തിയ പ്രകടനത്തിന് ശേഷമാണ് മണിപ്പൂരില്‍ വംശീയ സംഘര്‍ഷങ്ങളും അക്രമങ്ങളും ആരംഭിച്ചത് . കുക്കി, മെയ്‌തേയ് ഗ്രൂപ്പുകള്‍ തമ്മിലുള്ള തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ 100-ലധികം ആളുകള്‍ കൊല്ലപ്പെടുകയും നിരവധി വീടുകള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു. ഇപ്പോഴും സംഘര്‍ഷങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ മൗനത്തില്‍ വിമര്‍ശനങ്ങളും ആശങ്കയും ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.