
ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോയെ അപൂര്‍വമായ രീതിയില്‍ പ്രവര്‍ത്തന പ്രതിസന്ധി ബാധിച്ചിരിക്കുകയാണ്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി നൂറുകണക്കിന് വിമാനങ്ങള്‍ വൈകി. 200-ലേറെ സര്‍വീസുകള്‍ റദ്ദാവുകയും ആയിരക്കണക്കിന് യാത്രക്കാര്‍ ടെര്‍മിനലുകളില്‍ കുടുങ്ങുകയും ചെയ്തു. പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍സ് പ്രാബല്യത്തില്‍ വന്നതോടെ പൈലറ്റുകളും ക്യാബിന് ക്രൂവും കുറവായത്, ചെക്ക്-ഇന്‍, ഡിപാര്‍ച്ചര്‍ സിസ്റ്റങ്ങളിലുണ്ടായ സാങ്കേതിക തകരാറുകള്‍, കൂടിയ ശൈത്യകാല ട്രാഫിക് ഇതെല്ലാം ഒരുമിച്ച് ഇന്‍ഡിഗോയുടെ വമ്പന്‍ പ്രവര്‍ത്തന ശൃംഖലയെ താറുമാറാക്കി.
പൈലറ്റുമാര്‍ക്കും ക്രൂ അംഗങ്ങള്‍ക്കും കൂടുതല്‍ വിശ്രമസമയം നിര്‍ബന്ധമാക്കിയ പുതിയ നിയമങ്ങള്‍ ഇന്‍ഡിഗോയെ ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുണ്ട്. രാത്രി സര്‍വീസുകള്‍ ഉള്‍പ്പെടെ ദിവസേന 2200-ഓളം വിമാനങ്ങള്‍ നടത്തുന്നതു കൊണ്ട്, ഷെഡ്യൂളില്‍ ചെറിയ മാറ്റങ്ങളും വലിയ തരംഗങ്ങള്‍ സൃഷ്ടിക്കുകയാണ്. നിശ്ചിത സമയത്തിനുള്ളില്‍ പൈലറ്റുകള്‍ക്ക് നടത്താന്‍ കഴിയുന്ന രാത്രി ലാന്‍ഡിംഗുകളുടെ എണ്ണം കുറച്ചത്, ദിന-ആഴ്ച-മാസ പറക്കല്‍ സമയപരിധികള്‍ കര്‍ശനമാക്കിയിരിക്കുന്നത് എന്നിവ ക്രൂ വിന്യാസം പൂര്‍ണ്ണമായി അട്ടിമറിച്ചു. പൈലറ്റുമാരുടെ കുറവു മൂലം ഷെഡ്യൂള്‍ മാപ്പിംഗ് തകരുകയും റൊട്ടേഷനുകള്‍ താളം തെറ്റുകയും ചെയ്തതോടെ 700-ഓളം സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നതായി റിപ്പോര്‍ട്ടുണ്ട്.
പ്രതിസന്ധി നിയന്ത്രിക്കാന്‍ ഇന്‍ഡിഗോ അടിയന്തര നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ്. തിരക്കേറിയ റൂട്ടുകളില്‍ കൂടുതല്‍ ജീവനക്കാരെ വിന്യസിക്കല്‍, രാത്രികാല ഷെഡ്യൂളുകളില്‍ മാറ്റം, റൊട്ടേഷനുകളുടെ പുനഃസംഘടന എന്നിവ നടപ്പിലാക്കുന്നുവെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പുതിയ നിയമങ്ങളിലേക്ക് ഉടന്‍ പൊരുത്തപ്പെടാനാകാത്തതിനാല്‍ 2026 ഫെബ്രുവരി വരെ ചില ഇളവുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട ഇന്‍ഡിഗോയുടെ അപേക്ഷ പരിഗണിച്ച് ഡിജിസിഎ താല്‍ക്കാലിക ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇത്തരം പ്രവര്‍ത്തന ആശയക്കുഴപ്പങ്ങള്‍ ഇടയ്ക്കിടെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ യാത്രക്കാര്‍ ഫ്ലൈറ്റ് സ്റ്റാറ്റസ് നിരന്തരം പരിശോധിക്കണമെന്നും സമയതാമസം പ്രതീക്ഷിക്കണമെന്നും കമ്പനി മുന്നറിയിപ്പ് നല്കി.