റായ്ബറേലി/ഉത്തർപ്രദേശ്: രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി എന്താണ് ചെയ്തതെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രയങ്കാ ഗാന്ധി. ദരിദ്ര-പിന്നാക്ക വിഭാഗങ്ങളെ മോദി സർക്കാർ അവഗണിക്കുന്നു. ജനങ്ങളുടെ പ്രശ്നങ്ങളും ദുരിതങ്ങളും നേരിട്ടറിയുന്നതിനായി രാഹുല്‍ ഗാന്ധി ഇന്ത്യയൊട്ടാകെ നാലായിരത്തിലേറെ കിലോമീറ്ററാണ് നടന്നത്. അതേസമയം ഇന്ത്യയുടെ പ്രധാനമന്ത്രിയെ ഏതെങ്കിലും ഒരു ദരിദ്രനൊപ്പം കാണാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നും പ്രിയങ്ക ചോദിച്ചു.
ഇന്ത്യ സഖ്യം കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാൽ എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളുടെയും ക്ഷേമം ഉറപ്പാക്കും. ഓരോ ദരിദ്ര കുടുംബത്തിലെയും ഒരു സ്ത്രീയുടെ അക്കൗണ്ടിലേക്ക് വർഷംതോറും 1 ലക്ഷം രൂപ വീതം നൽകും. 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. റായ്ബറേലിയയിലെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.