‘പുറത്തുവന്നത് ബിജെപി സർക്കാരിന്‍റെ വലിയ തട്ടിപ്പ്; എത്ര ടെമ്പോ പണം ലഭിച്ചെന്ന് മോദി പറയണം’; അദാനിക്കെതിരായ റിപ്പോർട്ടില്‍ രാഹുല്‍ ഗാന്ധി

Jaihind Webdesk
Thursday, May 23, 2024

 

ന്യൂഡല്‍ഹി: അദാനിക്കെതിരായ ഫിനാൻഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. ഇന്തോനേഷ്യയിലെ ഗുണനിലവാരം കുറഞ്ഞ കല്‍ക്കരി അദാനി തമിഴ്നാട്ടിലെ പൊതുമേഖലാ സ്ഥാപനത്തിന് ഉയർന്ന നിലവാരമുള്ളതെന്ന കാണിച്ച് മറിച്ച് വിറ്റുവെന്നാണ് വിദേശമാധ്യമമായ ഫിനാഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ റിപ്പോർട്ടാണ് രാഹുല്‍ ബിജെപിക്കെതിരെ ആയുധമാക്കിയത്. ജൂണ്‍ നാലിന് ഇന്ത്യ സഖ്യ സർക്കാർ അധികാരത്തില്‍ വരുമ്പോള്‍ ഈ അഴിമതികളെല്ലാം അന്വേഷിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബിജെപി സർക്കാർ അറിഞ്ഞുള്ള വലിയ തട്ടിപ്പാണ് പുറത്തുവന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. യഥാർത്ഥ വിലയുടെ മൂന്നിരിട്ടി തുക ഈടാക്കി അദാനി ലാഭം കൊയ്തു. ഈ പണം സാധാരണക്കാരന്‍റെ പോക്കറ്റില്‍ നിന്ന് കൂടിയ വൈദ്യുതി ബില്ലായാണ് നഷ്ടമായെതന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ഇത്ര വലിയ അഴിമതി അന്വേഷണ ഏജന്‍സികളില്‍ നിന്ന് മൂടിവെക്കാൻ എത്ര ടെമ്പോകളില്‍ പണം ലഭിച്ചുവെന്ന് മോദി പറയണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. മോദിയുടെ ടെമ്പോ പരാമർശത്തെ പരിഹസിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരിഹാസം. പൊതുജനങ്ങളെ കൊള്ള ചെയ്ത അഴിമതിയെക്കുറിച്ച് ഇന്ത്യ സഖ്യം അധികാരത്തിലെത്തുമ്പോള്‍ അന്വേഷിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ഗുണനിലവാരം കുറഞ്ഞ കല്‍ക്കരി ഉയർന്ന നിലവാരത്തിലുള്ളതെന്ന് കാണിച്ച് അദാനി കൂടിയ വിലയ്ക്ക് വിറ്റെന്നാണ് വിദേശമാധ്യമമായ ഫിനാഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ വർഷം തോറും രണ്ട് ദശലക്ഷം ആളുകള്‍ വായു മലിനീകരണം കൊണ്ടു മരിക്കുന്നുവെന്ന കണക്കും ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്. ഇടപാടിലൂടെ അദാനിയുടെ കമ്പനി കൊള്ളലാഭം ഉണ്ടാക്കിയെന്നും പറയുന്ന റിപ്പോർട്ടാണ് രാഹുല്‍ ഗാന്ധി ബിജെപിക്കെതിരെ ഉന്നയിച്ചത്. അതേസമയം ഫിനാഷ്യല്‍ ടൈംസിന്‍റെ റിപ്പോര്‍ട്ട് അദാനിയുടെ കമ്പനി നിഷേധിച്ചിട്ടുണ്ട്.