VD SATHEESAN| ‘സര്‍ക്കുലര്‍ നല്‍കാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരം? ഗവര്‍ണറെ പ്രതിഷേധം അറിയിക്കാന്‍ മുഖ്യമന്ത്രി തയാറാകണ’മെന്ന് വി.ഡി സതീശന്‍

Jaihind News Bureau
Monday, August 11, 2025

സംസ്ഥാന സര്‍ക്കാരിനെ നോക്കുകുത്തിയാക്കി വിഭജനഭീതി ദിനം ആചരിക്കണമെന്ന് നിര്‍ദ്ദേശിച്ച് സര്‍വകലാശല വൈസ് ചാന്‍സലര്‍മാര്‍ക്ക് സര്‍ക്കുലര്‍ നല്‍കാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംസ്ഥാന സര്‍ക്കാരിന് സമാന്തരമായി ഗവര്‍ണര്‍ തീരുമാനങ്ങള്‍ എടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ ഇപ്പോഴും വിഭജന രാഷ്ട്രീയത്തിന്റെ വക്താവായ ആര്‍.എസ്.എസുകാരനാണെന്നാണ് ഭരണഘടനാപദവിയില്‍ ഇരിക്കുന്ന വിശ്വനാഥ് ആര്‍ലേക്കര്‍ കേരളത്തോട് വിളിച്ചു പറയുന്നത്. ഗവര്‍ണറുടെ ഈ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഗവര്‍ണറുടെ വഴിവിട്ട നടപടികളില്‍ മൗനം പാലിക്കാതെ മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും അഭിപ്രായം വ്യക്തമാക്കണം. ഭരണഘടനാവിരുദ്ധ നടപടികളിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധം ഗവര്‍ണറെ ഔദ്യോഗികമായി അറിയിക്കാനും മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.