മലപ്പുറത്ത് വെസ്റ്റ് നൈൽ വൈറസ് പക്ഷികളിൽ പടർന്നിട്ടില്ലെന്ന് പ്രാഥമിക നിഗമനം

Jaihind News Bureau
Tuesday, March 26, 2019

Fever-west-nile

മലപ്പുറത്ത് വെസ്റ്റ് നൈൽ വൈറസ് പക്ഷികളിൽ പടർന്നിട്ടില്ലെന്ന് പ്രാഥമിക നിഗമനം. പനി ബാധിച്ച് മരിച്ച ആറ് വയസുകാരൻ മുഹമ്മദ് ഷാൻറെ വേങ്ങരയിലെ വീടിന് സമീപത്ത് നിന്ന് കിട്ടിയ ചത്ത കാക്കകളിൽ വൈറസ് ഇല്ലെന്ന് സ്ഥിരീകരിച്ചതിൻറെ അടിസ്ഥാനത്തിലാണ് ഈ നിഗമനം.

വി ഒ ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലായിരുന്നു പരിശോധന നടത്തിയത്. വേങ്ങരയിൽ നിന്ന് ശേഖരിച്ച കൊതുകുകളുടെ രക്തസാമ്ബിളിൻറെ പരിശോധന ഫലം ഇതുവരെയും കിട്ടിയിട്ടില്ല. ഇത് കൂടി ലഭ്യമാകുന്നതോടെ വൈറസ് പടർന്നിട്ടുണ്ടോയെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരും. മലപ്പുറം ജില്ലയിൽ വേങ്ങരയിലാണ് വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്തത്. വൈറസ് ബാധിച്ച് ആറ് വയസുകാരൻ മുഹമ്മദ് ഷാൻ മരിച്ചിരുന്നു. മുഹമ്മദ് ഷാന് രോഗം സ്ഥിരീകരിച്ച സമയത്തുതന്നെ സമീപ പ്രദേശമായ തെന്നലയിൽ ഏതാനും കാക്കകളും ചത്ത് വീണിരുന്നു. ഈ കാക്കകളിൽ വൈറസ് ബാധിച്ചിട്ടുണ്ടോ എന്നാണ് പരിശോധന നടന്നത്. ഒപ്പം മുഹമ്മദ് ഷാൻറെ വീട്ടിൽ വളർത്തിയിരുന്ന ആടുകളുടേയും കോഴികളുടേയും രക്ത സാമ്ബിളും പരിശോധനയ്ക്ക് അയച്ചിരുന്നു. ഇവയുടെ രാസപരിശോധന ഫലം ലഭ്യമായിട്ടില്ല.
വേങ്ങരയിൽ നിന്ന് ആരോഗ്യവകുപ്പ് പിടികൂടിയ കൊതുകുകളുടെ രക്ത പരിശോധനാ ഫലവും ഉടൻ ഉണ്ടാകുമെന്നാണ് സൂചന. പക്ഷികളിൽനിന്ന് കൊതുകുകൾ വഴിയാണ് വെസ്റ്റ് നൈൽ വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. ഈ സാഹചര്യത്തിലാണ് കാക്കകളേയും കൊതുകുകളേയും പരിശോധനയ്ക്ക് വിധേയമാക്കിയത്. വെസ്റ്റ് നൈൽ വൈറസ് പടർന്നിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിൻറെയും പ്രാഥമിക നിഗമനം.