മുംബൈ : കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ ബി.ജെ.പിക്കുള്ളില്‍ അതൃപ്തി. എംപി പ്രീതം മുണ്ടെയെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്ര ബിജെപിയില്‍ കൂട്ടരാജി. ബീഡ് ജില്ലയിലെ 14 ഭാരവാഹികള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ബി.ജെ.പിയുടെ ജില്ലാ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് രാജിവെച്ചത്.
പ്രീതം മുണ്ടെയെ കേന്ദ്രമന്ത്രിസഭ പുനഃസംഘടനയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മന്ത്രിസഭയില്‍ ഭഗവത് കരഡിനെയാണ് ഉള്‍പ്പെടുത്തിയത്. ഇതാണ് പ്രീതം മുണ്ടെ വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പിന് കാരണമായത്. ബിജെപിയുടെ മുതിര്‍ന്ന നേതാവും ഒന്നാം മോദി സര്‍ക്കാരില്‍ ഗ്രാമവികസന വകുപ്പ് മന്ത്രിയുമായിരുന്നു പ്രീതം മുണ്ടെയുടെ പിതാവ് ഗോപിനാഥ് മുണ്ടെ.
പ്രീതത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തത് സഹോദരി പങ്കജ് മുണ്ടെയെ തകര്‍ക്കാനാണെന്ന് നേരത്തെ ശിവസേനയും ആരോപിച്ചിരുന്നു. ഗോപിനാഥ് മുണ്ടെയുടെ മകളും മുന്‍ സംസ്ഥാന മന്ത്രിയുമായ പങ്കജ് മുണ്ടെയും ബിജെപി നേതൃത്വവും തമ്മില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് പുതിയ നീക്കം.