Jebi Methar| ക്ഷേമ പെന്‍ഷന്‍ മുടങ്ങി; ഓണക്കാലത്ത് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ വറുതിയിലാക്കി: ജെബി മേത്തര്‍

Jaihind News Bureau
Monday, September 1, 2025

ശാസ്താംകോട്ട: ഈ ഓണക്കാലം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വറുതിയുടെ കാലമാണെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം.പി. ആരോപിച്ചു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വിവിധ ക്ഷേമ പെന്‍ഷനുകള്‍ ഒന്നര വര്‍ഷത്തിലേറെയായി കുടിശ്ശികയാണെന്നും, പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ സര്‍ക്കാര്‍ പതിനായിരം കോടിയോളം കടമെടുത്ത് കഴിഞ്ഞെന്നും അവര്‍ ചൂണ്ടിക്കാട്ടി. ‘മഹിളാ സാഹസ് കേരള യാത്ര’യുടെ ഭാഗമായി കൊല്ലം ജില്ലയില്‍ നടന്ന സ്വീകരണ സമ്മേളനങ്ങളില്‍ സംസാരിക്കുകയായിരുന്നു ജെബി മേത്തര്‍.

‘ജ്വലിക്കട്ടെ സ്ത്രീ ശക്തി, ഉണരട്ടെ കേരളം ഭയക്കില്ലിനി നാം തെല്ലും വിരല്‍ ചൂണ്ടാം കരുത്തോടെ’ എന്ന മുദ്രാവാക്യമുയര്‍ത്തി മഹിളാ കോണ്‍ഗ്രസ് നടത്തിയ യാത്രക്ക് പവിത്രേശ്വരം, മണ്‍റോതുരുത്ത്, പടിഞ്ഞാറേ കല്ലട, മൈനാഗപ്പള്ളി, ശാസ്താംകോട്ട, പോരുവഴി, കുന്നത്തൂര്‍ എന്നിവിടങ്ങളില്‍ ഊഷ്മളമായ സ്വീകരണം ലഭിച്ചു.

വിവിധ കേന്ദ്രങ്ങളില്‍ നടന്ന സ്വീകരണ സമ്മേളനങ്ങള്‍ ഡി.സി.സി. പ്രസിഡന്റ് രാജേന്ദ്ര പ്രസാദ്, രാഷ്ട്രീയ കാര്യസമിതി അംഗം ബിന്ദു കൃഷ്ണ, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ എം.എം. നസീര്‍, പഴകുളം മധു, സെക്രട്ടറി ആര്‍. രാജശേഖരന്‍, കെ.പി.സി.സി. അംഗം എം.വി. ശശികുമാരന്‍ നായര്‍, യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ കെ.സി. രാജന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ഫെബ സുദര്‍ശന്‍, സംസ്ഥാന ഭാരവാഹികളായ ജയലക്ഷ്മി ദത്തന്‍, എല്‍. അനിത, ആര്‍. രശ്മി, മാരിയത്ത് ബീവി എന്നിവരും ചടങ്ങുകളില്‍ പ്രസംഗിച്ചു. ആശാവര്‍ക്കര്‍മാര്‍ വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് എട്ടുമാസത്തോളമായി സമരത്തിലാണെന്നും, സ്ത്രീ സമൂഹം നേരിടുന്ന ഈ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ നിസ്സംഗത തുടരുകയാണെന്നും ജെബി മേത്തര്‍ പറഞ്ഞു.