മകളുടെ വിവാഹം നടത്തിയത് സർക്കാർ നിർദേശങ്ങൾ പാലിച്ചെന്ന് വനിതാ ലീഗ് നേതാവ് നൂർബിന റഷീദ്

Jaihind News Bureau
Sunday, March 29, 2020

സർക്കാർ നിർദേശങ്ങൾ പാലിച്ചാണ് മകളുടെ വിവാഹം നടത്തിയതെന്ന് വനിതാ ലീഗ് നേതാവ് നൂർബിന റഷീദ്. തന്നെ വ്യക്തിഹത്യ നടത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പോലീസ് കേസ് എടുത്തതെന്നും നൂർബിന റഷീദ് പ്രതികരിച്ചു.

കഴിഞ്ഞ മാർച്ച്‌ 14 നാണ് നൂർബിന റഷീദിന്‍റെ മകൻ അമേരിക്കയിൽ നിന്നും നാട്ടിലെത്തിയത്. കോവിഡ് രോഗം സ്ഥിരീകരിക്കാത്ത ഹൂസ്റ്റണിൽ നിന്ന് മകൻ എത്തുമ്പോൾ ഇത്രയേറെ നിയമങ്ങൾ കർശനമായിരുന്നില്ല. 50 പേർ പങ്കെടുക്കുന്ന വിവാഹം നടത്താണെന്നു മുഖ്യമന്ത്രി പോലും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എല്ലാ നിർദേശങ്ങളും പാലിച്ചു മാർച്ച്‌ 21 നു ഇരുപതോളം പേർ മാത്രം പങ്കെടുത്ത നിക്കാഹ് മലാപ്പറമ്പിലെ വീട്ടുമുറ്റത്തു നടന്നത്. എന്നാൽ ഇപ്പോൾ ചാനലുകളിലെ വാർത്തകളിൽ നിന്നാണ് തനിക്കെതിരെ കേസെടുത്തിരുന്നു എന്ന വിവരം അറിഞ്ഞതെന്നും അടിസ്ഥാനമില്ലാത്ത ആരോപണമാണ് ആരോഗ്യവകുപ്പ് ഉന്നയിക്കുന്നതെന്നും നൂർബിന കുറ്റപ്പെടുത്തി. വിവാഹം നടത്തിയത് തന്റെ ഭർത്താവാണ്. എന്നിട്ടും തനിക്കെതിരെ കേസെടുത്തതിന് പിന്നിൽ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണെന്നും നൂർബിന റഷീദ് പ്രതികരിച്ചു. കോര്പറേഷൻ സെക്രട്ടറിയുടെ പരാതിയിലാണ് ചേവായൂർ പോലീസ് കേസ് എടുത്തിരിക്കുന്നത്.