തിരുവനന്തപുരം: സംസ്ഥാനത്ത് പതിനാല് ജില്ലകളിലും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പാലക്കാട് 41 ഡിഗ്രയും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി വരെയും ചൂട് ഉയരുമെന്ന് മുന്നറിയിപ്പിലുണ്ട്. കോഴിക്കോടും കണ്ണൂരും 38 ഡിഗ്രി വരെ താപനില ഉയരും. ഇടുക്കി, വയനാട് ജില്ലകളില്‍ 34 ഡിഗ്രിയിലേക്ക് ചൂട് ഉയരുമെന്നും മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ 37 ഡിഗ്രി വരെ ചൂടി ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് 28 വരെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില. ഇത് അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതയാണ്. ഉഷ്ണതരംഗ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ വിഭാഗത്തിലുള്ളവര്‍ കഴിയുന്നതും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.