സംസ്ഥാനത്ത് ചൂട് കൂടുന്നു; ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്

Jaihind Webdesk
Friday, March 15, 2024


തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിയതോടെ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. 11 മണി മുതല്‍ വൈകുന്നേരം മൂന്നുമണി വരെയുള്ള സമയത്ത് തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും പരമാവധി ശുദ്ധജലം കുടിക്കണമെന്നും പോലീസ് അറിയിച്ചു. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണമെന്നും പരമാവധി കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണമെന്നും കുറിപ്പില്‍ പറയുന്നു.

ഇരുചക്രവാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് 3മണിവരെയുള്ള ഉച്ച സമയത്ത് സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണെന്നും അവര്‍ക്ക് യാത്രയ്ക്കിടയില്‍ വിശ്രമിക്കാനുള്ള അനുവാദം നല്‍കേണ്ടതാണെന്നും പോലീസ് അറിയിച്ചു.  അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണമെന്നും നിർദേശം.