ഉത്തരേന്ത്യയില്‍ കൊടുംചൂട് തുടരുന്നു; ഉഷ്ണതരംഗത്തില്‍ മരണം, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

Jaihind Webdesk
Friday, May 31, 2024

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കൊടുംചൂട് തുടരുന്നു. രാജ്യത്ത് ഏറ്റവും വലിയ കൊടും ചൂട് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഉഷ്ണ തരംഗത്തിന്‍റെ ആഘാതത്തില്‍ ഒഡീഷയില്‍ 6 സ്ത്രീകള്‍ ഉള്‍പ്പെടെ 10 പേര്‍ മരിച്ചു. ബീഹാറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 9 പേര്‍ക്കാണ് ഉഷ്ണ തരംഗത്തില്‍ ജീവന്‍ നഷ്ടമായത്.

ഡല്‍ഹി അടക്കമുള്ള വിവിധ നഗരങ്ങളില്‍ താപനില 50 ഡിഗ്രിയോടടുത്ത് തുടരുകയാണ്. ഉഷ്ണതരംഗത്തിന്‍റെ ആഘാതത്തില്‍ ഇതുവരെ 50 പേര്‍ മരിച്ചു. ഒഡീഷയില്‍ 6 സ്ത്രീകള്‍ ഉള്‍പ്പെടെ 10 പേര്‍ മരിച്ചു. ബീഹാറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 9 പേര്‍ക്കാണ് ഉഷ്ണ തരംഗത്തില്‍ ജീവന്‍ നഷ്ടമായത്. ഝാര്‍ഖണ്ഡില്‍ മൂന്നുപേര്‍ കഴിഞ്ഞ 36 മണിക്കൂറിനിടെ കൊടുംചൂടിന്‍റെ ആഘാതത്തിന് ഇരകളായി. നിലവില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. ഉഷ്ണതരം തുടരുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും ആരോഗ്യവകുപ്പും ആവശ്യപ്പെട്ടു.

ഡല്‍ഹിയിലെ ജല പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ഡല്‍ഹി കൂടാതെ, രാജസ്ഥാനിലും ഹരിയാനയിലും കൊടുംചൂട് തുടരുകയാണ്. രാജസ്ഥാനിലെ ചുരുവില്‍ ഏറ്റവും ഉയര്‍ന്ന താപനിലയായ 50.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഹരിയാനയിലെ സിര്‍സയില്‍ പരമാവധി താപനില 50.3 ഡിഗ്രിയും ഹിസാറില്‍ 49.3 ഡിഗ്രിയും കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. രാജസ്ഥാനില്‍ പലയിടത്തും 50 ഡിഗ്രിയോടടുത്താണ് താപനില.