വയനാട്: രണ്ടാഴ്ചയോളം തുടര്‍ച്ചയായി പെയ്ത മഴയാണ് വയനാടിനെ ദുരന്തഭൂമിയാക്കിയത്. 2019ല്‍ പുത്തുമലയില്‍ ഉണ്ടായ ദുരന്തത്തിന് സമാനമായിരുന്നു വയനാട്ടിലുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം.
കേരളം മുതല്‍ ഗുജറാത്ത് വരെ നീളുന്ന അതിശക്തമായ ന്യൂനമര്‍ദ്ദ പാത്തിയുടെ ഫലമായി വടക്കന്‍ കേരളത്തിലാകെ വലിയ തോതിലുള്ള മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത്. പ്രത്യേകിച്ചും വയനാട്ടില്‍. രണ്ടാഴ്ചയായി വയനാട്ടില്‍ തുടര്‍ച്ചയായി മഴ പെയ്യുകയായിരുന്നു. കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായി മാറുകയാണ് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍. ആഴ്ചകളോളം നീണ്ട ശക്തമായ മഴയാണ് വയനാട് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാക്കിയത് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍.
ദുരന്ത പ്രദേശത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് മഴ മാപിനിയില്ല. എന്നാല്‍ തൊട്ട് അടുത്ത മഴ മാപിനികളില്‍ എല്ലാം തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത് ശക്തമായ മഴയാണ്. കനത്ത മഴ പെയ്യുമ്പോള്‍ സംഭരണ ശേഷിയില്‍ കൂടുതല്‍ വെള്ളം മണ്ണിനടിയിലേക്ക് ഇറങ്ങും. മണ്ണിലെ സൂക്ഷ്മ സുഷിരങ്ങള്‍ക്ക് ആഗിരണം ചെയ്യാന്‍ കഴിയുന്നതിലും കൂടുതല്‍ വെള്ളം ഇറങ്ങുമ്പോള്‍ മര്‍ദം വര്‍ധിക്കുകയും വെള്ളം പുറത്തേക്ക് ഒഴുകുകയും ചെയ്യും. 24 മണിക്കൂറില്‍ 20 സെന്‍റീമീറ്ററില്‍ കൂടുതല്‍ വെള്ളം ലഭിക്കുന്ന അതിശക്തമായ മഴ പെയ്യുന്ന സാഹചര്യമാണ് വയനാട്ടിനെ ദുരന്ത ഭൂമിയാക്കിയത്. മണ്ണിന്‍റെ മേല്‍പാളിയിളകി മണ്ണും കല്ലും പാറയും ഒഴുകിയെത്തിയതും ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടി. 2019ല്‍ വയനാട് പുത്തുമല ദുരന്തം ഉണ്ടാക്കിയതിന് സമാനമായ കാലാവസ്ഥ അന്തരീക്ഷമായിരുന്നു ഇത്തവണയും വിനാശം വിതച്ചത്.