V D Satheesan| ‘ഷാഫിയുടെ ചോരയ്ക്ക് പ്രതികാരം ചോദിക്കും’; ‘ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം’: വി.ഡി. സതീശന്‍

Jaihind News Bureau
Saturday, October 11, 2025

 

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിരോധത്തിലായ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും രക്ഷിക്കാനാണ് പൊലീസ് ഷാഫി പറമ്പില്‍ എം.പിയെയും സഹപ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി യു.ഡി.എഫ് മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുന്നറിയിപ്പ് നല്‍കി. ഷാഫിയുടെ ചോര നിലത്തു വീണിട്ടുണ്ടെങ്കില്‍ അതിന് പ്രതികാരം ചോദിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് നല്‍കിയ വിവരം മുഖ്യമന്ത്രിയും സി.പി.എമ്മും ചേര്‍ന്ന് രണ്ട് വര്‍ഷക്കാലം മറച്ചുവെച്ചത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ കണ്ടതും, തൃശൂര്‍ പൂരം കലങ്ങിയതും, തൃശൂരില്‍ ബി.ജെ.പി വിജയിച്ചതും ഈ സംഭവത്തിന് ശേഷമാണ്. ഈ വിഷയങ്ങളിലെല്ലാം മുഖ്യമന്ത്രിയും സി.പി.എമ്മും മൗനം പാലിക്കുന്നത് സംശയാസ്പദമാണെന്നും അദ്ദേഹം ആരോപിച്ചു.