ന്യൂഡല്‍ഹി: എത്ര അടിച്ചമർത്തിയാലും പൂർവാധികം ശക്തിയോടെ പോരാട്ടം തുടരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. ഡല്‍ഹിയില്‍ ഇഡി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിലെ പോലീസ് നടപടി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
“ഈ ധിക്കാരപരമായ ഗവൺമെന്‍റിനെതിരെ പോരാടാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം അനുദിനം ശക്തിപ്പെടുകയേ ഉള്ളൂ.
സത്യത്തിനും നീതിക്കും വേണ്ടിയുള്ള ഈ പോരാട്ടത്തിൽ നിന്ന് ഞങ്ങൾ പിന്നോട്ട് പോകില്ല” – അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പോലീസ് ക്രൂരതയുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതികാരം തീര്‍ക്കുന്ന ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയർത്തുന്നത്. അതേസമയം സമാധാനപരമായ പ്രതിഷേധങ്ങളെ പോലും പോലീസിനെ ഉപയോഗിച്ച് ക്രൂരമായി അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ ശ്രമം. പ്രതിഷേധിച്ച എംപിമാരെയെല്ലാം പോലീസ് റോഡിലൂടെ വലിച്ചിഴയ്ക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പോലീസ് അതിക്രമത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ കാലിന് പരിക്കേറ്റു.