‘ഇനിയും എത്ര പാലങ്ങള്‍ വേണമെങ്കിലും ഉണ്ടാക്കും’; എന്താണ് കുഴപ്പമെന്ന് എം.വി ഗോവിന്ദന്‍

Jaihind News Bureau
Thursday, December 4, 2025

പി.എം. ശ്രീ പദ്ധതി വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് എം.പിയാണെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനിന്റെ പ്രസ്താവനയെ ന്യായീകരിച്ചു രംഗത്ത് വന്നിരിക്കുകയാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഇനിയും എത്ര പാലങ്ങള്‍ വേണമെങ്കിലും ഉണ്ടാക്കുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. തൃശ്ശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെത്തുടര്‍ന്ന് കനത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയോടൊപ്പം താന്‍ പലതവണ കേന്ദ്രമന്ത്രിയെ കണ്ടിട്ടുണ്ട് എന്ന് ജോണ്‍ ബ്രിട്ടാസ് സമ്മതിക്കുകയും ചെയ്തിരുന്നു.

അതേസമയം, പി.എം. ശ്രീ പദ്ധതിക്കായുള്ള കരാറില്‍ ജോണ്‍ ബ്രിട്ടാസ് എം.പി. ഇടപെട്ടതിലുള്ള അതൃപ്തി സി.പി.എമ്മിന്റെ പ്രധാന സഖ്യകക്ഷിയായ സി.പി.ഐക്കും ഉണ്ട്. കേന്ദ്രമന്ത്രിയുടെ പ്രസ്താവനയില്‍ സി.പി.ഐ. ദേശീയ സെക്രട്ടറി ഡി. രാജ വിശദീകരണം ആവശ്യപ്പെട്ട് കത്തയച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, തിരഞ്ഞെടുപ്പ് പ്രചാരണ സമയം എന്ന നിലയില്‍ പരസ്യമായ ഒരു പ്രതികരണത്തിനില്ല എന്ന നിലപാടിലാണ് നിലവില്‍ സി.പി.ഐ. നേതൃത്വം. സി.പി.എം. നേതൃത്വത്തിനുള്ളിലും ഈ വിഷയത്തില്‍ പൂര്‍ണ്ണമായ ഏകാഭിപ്രായമില്ല എന്നും ഇത് സൂചിപ്പിക്കുന്നു.

സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിനെക്കുറിച്ചുള്ള ചോദ്യത്തിന്, അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ തങ്ങള്‍ ശക്തമായ നിലപാടെടുക്കുമെന്നായിരുന്നു എം.വി. ഗോവിന്ദന്റെ മറുപടി. കൂടാതെ, അദ്ദേഹം ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് സാധ്യതകളെക്കുറിച്ചും അഭിപ്രായം പറഞ്ഞു. നേമത്ത് ഒ. രാജഗോപാലും തൃശ്ശൂരില്‍ സുരേഷ് ഗോപിയും വിജയിച്ചത് കോണ്‍ഗ്രസിന്റെ വോട്ട് കിട്ടിയതുകൊണ്ടാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിച്ചാല്‍ രാജീവ് ചന്ദ്രശേഖര്‍ തോറ്റു തുന്നംപാടുമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.