പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപി അടക്കമുള്ള നേതാക്കളുടെയും സഹപ്രവര്‍ത്തകരുടെയും ശരീരത്തില്‍ നിന്നും പൊടിഞ്ഞ ചോരയ്ക്ക് കോണ്‍ഗ്രസ് പകരം ചോദിക്കുമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. എകെജി സെന്ററില്‍ നിന്ന് കിമ്പളം വാങ്ങി പിണറായിക്ക് വിടുപണി ചെയ്യാനിറങ്ങിയ പോലീസുകാര്‍ നേരെ ചൊവ്വേ പെന്‍ഷന്‍ പറ്റി വീട്ടില്‍ പോകില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
കെ കെ ശൈലജയെ തോല്‍പ്പിച്ചതിന്റെ ദേഷ്യമാണെങ്കില്‍ ജനാധിപത്യ രീതിയില്‍ തീര്‍ക്കുക. കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയത്തോട് രാഷ്ട്രീയം പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ കെല്‍പ്പില്ലാതെ പോലീസിനെ ഉപയോഗിച്ച് സിപിഎം നടത്തുന്ന നാണംകെട്ട കളി അവസാനിപ്പിക്കുക. ശബരിമലയില്‍ സ്വര്‍ണ്ണപ്പാളി കട്ടെടുത്ത വിഷയത്തില്‍ പ്രതികരിക്കരുതെന്നാണ് പോലീസിനെ ഉപയോഗിച്ച് അക്രമം നടത്തി സിപിഎം പറഞ്ഞുവെക്കുന്നത്. ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പം അന്നും ഇന്നും എന്നും കോണ്‍ഗ്രസ്സുണ്ട്. ചോരയില്‍ മുക്കി സമരങ്ങളെ ഇല്ലാതാക്കാമെന്ന് ഒരാളും കരുതേണ്ട. കൂടുതല്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഉണ്ടാകും. ഇടതുപക്ഷത്തിന്റെ ദുര്‍ഭരണത്തെ ഞങ്ങള്‍ തുടച്ചുനീക്കും. ഏറാന്‍ മൂളികളായി നിന്ന് അക്രമം അഴിച്ചുവിടുന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും അര്‍ഹമായ ശിക്ഷ ഈ പ്രസ്ഥാനം നല്‍കിയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.