അധികാരത്തിന്‍റെ എല്ലാ സാധ്യതകളുമുപയോഗിച്ച് മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരെ സഹായിക്കണം- പ്രിയങ്ക ഗാന്ധി എം പി

Jaihind News Bureau
Wednesday, May 21, 2025

മുഖ്യമന്ത്രി എന്ന നിലയിലെ അധികാരത്തിന്‍റെ എല്ലാ സാധ്യതകളുമുപയോഗിച്ച് ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കണമെന്നും അവരുടെ ശബ്ദം കേള്‍ക്കാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിച്ച് പ്രിയങ്ക ഗാന്ധി എം.പി. മാസം തോറും ഒരു കുടുംബത്തിലെ രണ്ടു പേര്‍ക്ക് നല്‍കുന്ന മുന്നൂറ് രൂപ ആനുകൂല്യവും വീട്ടു വാടകയായി നല്‍കുന്ന ആറായിരം രൂപയും വിതരണം ചെയ്യുന്നതിലുള്ള കാലതാമസം ചൂണ്ടിക്കാണിച്ച് പ്രിയങ്ക ഗാന്ധി എം.പി. മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലാണ് മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടല്‍ അഭ്യര്‍ത്ഥിച്ചത്. ദുരന്ത ബാധിതരുടെ വായ്പകള്‍ എഴുതി തള്ളുന്നതിനും വേണ്ട നടപടികള്‍ എടുക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സഹായം മാത്രം ആശ്രയിച്ച് കഴിയുന്ന വീട് നഷ്ടപ്പെട്ടവര്‍ക്കും എല്ലാം നഷ്ടപ്പെട്ടവര്‍ക്കും പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ സമയത്ത് നല്‍കാത്തത് അവരെ വലിയ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഈ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ നിരന്തരമായ കാലതാമസം ഉണ്ടാവുന്നത് പരിശോധിച്ച് നടപടികളെടുക്കണം. വീട് നഷ്ടപ്പെട്ടവരുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കാത്തത് അവരുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ദുരന്തകാലത്ത് മുഴുവന്‍ സമൂഹവും ഒരുമിച്ച് പിന്തുണ നല്കിയതാണെന്നും തുടര്‍ന്നും അവരുടെ ദുരവസ്ഥയില്‍ താങ്ങാവേണ്ടത് ഭരണകൂടമാണെന്നും പ്രിയങ്ക ഗാന്ധി കത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.

കത്തിന്‍റെ പൂര്‍ണ്ണരൂപം:

ശ്രീ പിണറായി വിജയന്‍ ജി,

ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നടപ്പിലാക്കാന്‍ വൈകുന്ന അടിയന്തിര വിഷയം അങ്ങയുടെ ശ്രദ്ധയില്‍ കൊണ്ട് വരുന്നതിനാണ് ഞാന്‍ ഈ കത്തെഴുതുന്നത്. അങ്ങേയ്ക്ക് അറിവുള്ളത് പോലെ, ഈ ദുരന്തത്തിനിരയായവര്‍ അനുഭവിച്ച കനത്ത ആഘാതത്തില്‍ നിന്ന് അവരുടെ ജീവിതം തിരികെ പിടിക്കാന്‍ ഇപ്പോഴും കഷ്ടപ്പെടുകയാണ്. അവരില്‍ ബഹുഭൂരിപക്ഷവും ഇന്ന് സര്‍ക്കാര്‍ സഹായങ്ങളെ മാത്രം അശ്രയിക്കുന്നവര്‍ ആയതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര നടപടികള്‍ വൈകുന്നത്, പ്രത്യേകിച്ച് മാസം തോറും അവര്‍ക്ക് ലഭിക്കേണ്ട സാമ്പത്തിക സഹായങ്ങള്‍ ലഭിക്കാതെ വരുന്നത്, അവര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

മാസം തോറും ആറായിരം രൂപ എന്ന് നിശ്ചയിക്കപ്പെട്ട വാടക നല്‍കുന്നതിലും ഒരു കുടുംബത്തിലെ രണ്ടു പേര്‍ക്ക് മുന്നൂറ് രൂപ വീതമുള്ള ആനുകൂല്യം നല്‍കുന്നതിലും വലിയ കാലതാമസം നേരിടുന്നുണ്ട്. ഇത് അവരുടെ വലിയ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ഈ തുക സമയബന്ധിതമായി വിതരണം ചെയ്യുന്നത് ഏറെ സഹായകമായിരിക്കും. ഈ തുക വിതരണം ചെയ്യുന്നതില്‍ വരുന്ന നിരന്തരമായ കാലതാമസം പരിശോധിച്ച് തുടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കല്‍പ്പറ്റ എം.എല്‍.എ. ശ്രീ. ടി. സിദ്ദിഖും മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ബാബുവും നല്കിയിട്ടുളള നിവേദനങ്ങള്‍ അങ്ങയുടെ പരിഗണനയ്ക്കായി ഇതോടൊപ്പം ചേര്‍ക്കുന്നു. ദുരന്ത ബാധിതരുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിലും കാലതാമസം ഉണ്ടായിട്ടുണ്ട് എന്നത് കൂടി ഞാന്‍ ശ്രദ്ധയില്‍ പെടുത്തട്ടെ. ദൗര്‍ഭാഗ്യകരമായ ഈ കാലതാമസം ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വലിയ ആശങ്കയും ഉണ്ടാക്കിയിട്ടുണ്ട്.

കൂടാതെ, ജീവനോപാധി നഷ്ടപ്പെട്ടവരുടേയും വര്‍ദ്ധിച്ചു വരുന്ന ബാധ്യതകള്‍ ഉള്ളവരുടേയും വായ്പകള്‍ എഴുതിത്തള്ളാത്ത നടപടി അവരില്‍ വലിയ രോഷം ഉണ്ടാക്കുന്നുണ്ട്. ഈ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കൂടി ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ദുരന്തം നടന്ന് പത്ത് മാസം കഴിഞ്ഞ ഈ വേളയില്‍ മേല്‍ പറഞ്ഞ കാലതാമസവും അനുബന്ധ വിഷയങ്ങളും എത്രയും വേഗം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അവര്‍ അനുഭവിക്കുന്ന വേദന കൂട്ടുന്ന സാഹചര്യം നമ്മള്‍ ഉണ്ടാക്കരുത്. ഈ ദുരന്തം നടന്നപ്പോള്‍ മുഴുവന്‍ സമൂഹവും, കേരളവും നമ്മുടെ രാജ്യവും ഒന്നാകെ, അവരോടൊപ്പം നിലയുറപ്പിച്ചതാണ്. തുടര്‍ന്നും അവര്‍ക്ക് പിന്തുണ നല്‍കി, അവരുടെ ദുരവസ്ഥയില്‍ കൂടെ നില്‍ക്കേണ്ട ഉത്തരവാദിത്തം ഇനി നമുക്കാണ്. അങ്ങയുടെ അധികാരത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ച് അവരുടെ ദുരിതങ്ങള്‍ അവസാനിപ്പിക്കുന്നതിന് കഴിയുന്നതെല്ലാം ചെയ്യണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അങ്ങയുടെ ഇടപെടലുകളില്‍ അഗാധമായ നന്ദിയുള്ളവരായിക്കും അവര്‍ എന്ന് എനിക്ക് ഉറപ്പുണ്ട്.

വിശ്വസ്തതയോടെ,

പ്രിയങ്ക ഗാന്ധി വാദ്ര