കരൂര്‍: നടനും ടിവികെ നേതാവുമായ വിജയ്യുടെ റാലിക്കിടെ തമിഴ്നാട്ടിലെ കരൂരില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ പ്രതിശ്രുത വധൂവരന്മാരും. കരൂര്‍ സ്വദേശികളായ ആദര്‍ശ്, ഗോകുലശ്രീ എന്നിവരാണ് ദാരുണമായി മരിച്ചത്.
അടുത്ത മാസം വിവാഹം നിശ്ചയിച്ചിരുന്ന ആദര്‍ശും ഗോകുലശ്രീയും ഒരുമിച്ചാണ് വിജയ്യെ കാണാനും സെല്‍ഫി എടുക്കാനുമായി പോയത്. എന്നാല്‍, തിക്കും തിരക്കും ഉണ്ടായതോടെ ഇരുവരും അപകടത്തില്‍പ്പെടുകയായിരുന്നു.
‘ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ രണ്ടാളും പോയത് വിശ്വസിക്കാനാവുന്നില്ല,’ ബന്ധുക്കള്‍ കണ്ണീരോടെ പറയുന്നു. സംഭവദിവസം വൈകീട്ട് 6:30-ന് ഇരുവരും വീട്ടുകാരുമായി സംസാരിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അതിനുശേഷം ഫോണ്‍ സ്വിച്ച് ഓഫ് ആയതോടെ വീട്ടുകാര്‍ ആശങ്കയിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റാലിയിലുണ്ടായ ദുരന്തത്തില്‍ ഇരുവരും മരിച്ച വിവരം സ്ഥിരീകരിച്ചത്.
റാലിക്കിടെയുണ്ടായ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് 39 പേരാണ് ഇതുവരെ മരിച്ചത്. സംഭവത്തില്‍ വിജയ്ക്കെതിരെയും ടിവികെ നേതൃത്വത്തിനെതിരെയും കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.