‘രോഗബാധയുണ്ടെന്ന് അറിഞ്ഞിരുന്നില്ല, എയർപോർട്ടില്‍ കാര്യമായ പരിശോധനകളുണ്ടായില്ല, ദയവായി വ്യാജവാർത്തകള്‍ പ്രചരിപ്പിക്കരുത്’: ആരോഗ്യമന്ത്രിയുടെ വാദം തള്ളി ഇറ്റലിയില്‍ നിന്നെത്തിയ കുടുംബം | Audio

Jaihind News Bureau
Monday, March 9, 2020

ആരോഗ്യമന്ത്രിയുടെ വാദം തള്ളി ഇറ്റലിയില്‍ നിന്നെത്തിയ കുടുംബം. തങ്ങള്‍ക്ക് ആര്‍ക്കും രോഗലക്ഷണമില്ലായിരുന്നു എന്നും ഇറ്റലിയിൽ നിന്നാണ് എന്ന് പറഞ്ഞിട്ടും എയർപോർട്ടിൽ ഒരു ആരോഗ്യ പരിശോധനയും നടത്തിയില്ലെന്നും ഇറ്റലിയില്‍ നിന്നെത്തിയ സംഘത്തിലെ റിജോ എന്നയാള്‍ പറഞ്ഞു. ഇറ്റലിയില്‍ നിന്നെത്തിയവർ രോഗവിവരം മറച്ചുവെച്ചു എന്നായിരുന്നു ആരോഗ്യമന്ത്രി കെ.കെ ശൈലജ നേരത്തെ പറഞ്ഞിരുന്നത്.

തങ്ങള്‍ ഫെബ്രുവരി 29 ന് എയർപോർട്ടിലെത്തി. ഇറ്റലിയിൽ നിന്നാണ് വരുന്നതെന്ന് പറഞ്ഞിരുന്നു. എന്നാൽ കാര്യമായ പരിശോധനകളോ നിർദേശങ്ങളോ തങ്ങൾക്ക് നൽകിയിരുന്നില്ല. കൊറോണ വൈറസ് ബാധ ഉണ്ടെന്ന് തങ്ങൾ അറിഞ്ഞിരുന്നില്ല. കൊറോണ ബാധ അറിയാമായിരുന്നിട്ടും റിപ്പോർട്ട് ചെയ്തില്ലെന്ന തരത്തിലുള്ള വാർത്തകൾ വ്യാജമാണ്. നെടുമ്പാശേരിയിലെത്തിയതിന് ശേഷം പള്ളിയില്‍ പോയെന്നും സിനിമയ്ക്ക് പോയെന്നും പ്രചരിപ്പിക്കുന്ന വാർത്തകള്‍ വ്യാജമാണ്. ചില ബന്ധുക്കളുടെ വീട്ടില്‍ പോയിരുന്നു. തന്നെയും കുടുംബത്തെയും സമൂഹമാധ്യമങ്ങളിലൂടെ തേജോവധം ചെയ്യുന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ കഴമ്പില്ലെന്നും സത്യം മനസിലാക്കി എല്ലാവരും സഹകരിക്കണമെന്നും റിജോ മോൻ ശബ്ദസന്ദേശത്തിൽ ആവശ്യപ്പെടുന്നു.

അതേസമയം കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പത്തനംതിട്ടയിൽ 150 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 58 പേർ രോഗബാധിതരുമായി അടുത്ത് ഇടപഴകിയവരാണ്.  18 പേർ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ട്.
ഇതിൽ 5 പേരുടെ റിസൽട്ട് പോസിറ്റീവ് ആണ്. 5 പേരുടെ പരിശോധനാ ഫലം ഇന്ന് അറിയും .

ശബ്ദസന്ദേശം കേള്‍ക്കാം :