‘പി.വി അന്‍വര്‍ മാപ്പ് പറഞ്ഞത് സ്വീകരിക്കുന്നു; മുഖ്യമന്ത്രിയും ഉപജാപകസംഘവുമാണ് ആരോപണത്തിന് പിന്നിലെന്ന് തെളിഞ്ഞു’; വി.ഡി.സതീശന്‍

Monday, January 13, 2025

തിരുവനന്തപുരം: പി.വി അന്‍വര്‍ സ്വന്തം തീരുമാനത്തിന്‍റെ ഭാഗമായാണ് രാജിവച്ചതെന്നും തനിക്കെതിരെ ആരോപണം ഉന്നയിച്ചതിന് അദ്ദേഹം പൊതുമാപ്പ് പറഞ്ഞതിനെ സ്വീകരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം സംസാരിച്ചത്. പി.വി.അന്‍വര്‍, എം.എല്‍.എ സ്ഥാനം രാജി വച്ചതിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ മുന്‍പ് നടത്തിയ അഴിമതി ആരോപണത്തിന് മാപ്പ് പറഞ്ഞിരുന്നു. അതിന് മറുപടിയായിട്ടാണ് വി.ഡി സതീശന്‍റെ പ്രതികരണം.

‘അന്‍വറിന്‍റെ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്‍റെ ഓഫീസിലെ ഉപജാപകസംഘത്തിന്‍റെയും ഗൂഡാലോചനയാണ് പുറത്തുവന്നത്’. അന്ന് മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് തനിക്കെതിരെ കെട്ടിച്ചമച്ച ആരോപണം ഉണ്ടാക്കിയതെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയ വിജിലന്‍സ് അത് തള്ളിക്കളയുകയും ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.

‘അന്‍വറിന്‍റെ കാര്യത്തില്‍ പ്രതിപക്ഷ നേതാവിന് ഒറ്റയ്ക്ക് ഒരു നിലപാടുമില്ല. പാര്‍ട്ടിയും മുന്നണിയും ചര്‍ച്ച ചെയ്യേണ്ട സമയത്ത് ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കും. വാതില്‍ അടച്ചിട്ടുമില്ല, വാതില്‍ തുറന്നിട്ടുമില്ല. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ സ്ഥാനാര്‍ത്ഥി ആരെന്ന് കോണ്‍ഗ്രസ് തീരുമാനിക്കും. തിരഞ്ഞെടുപ്പ് കമ്മിറ്റി ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിച്ച് ദേശീയ നേതൃത്വത്തിന് നല്‍കി അവര്‍ അത് അംഗീകരിച്ച് യു.ഡി.എഫ് കക്ഷികളെ അറിയിക്കുകയെന്നതാണ് രീതി’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .