വനംകൊള്ളയില്‍ റവന്യൂ-വനം ഉദ്യോഗസ്ഥർക്ക് വീഴ്ചയെന്ന് റിപ്പോർട്ട് ; മുഴുവൻ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു

Jaihind Webdesk
Thursday, June 10, 2021

തിരുവനന്തപുരം : വയനാട് മരംമുറി കേസിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. റവന്യൂ വകുപ്പിന്റെ 2020 മാർച്ച് 11 ഇറങ്ങിയ ഉത്തരവിന് ശേഷമുള്ള മുഴുവൻ മരം ഇടപാടുകളും അന്വേഷിക്കാനാണ് നിർദ്ദേശം. അതേസമയം മരം മുറി കേസിൽ റവന്യൂ – വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് വനം വകുപ്പ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോർട്ട്.

മരംമുറി കേസിൽ സംസ്ഥാന തലത്തിൽ അന്വേഷണം വ്യാപിപ്പിക്കാനാണ് നിർദ്ദേശം. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നാണ് ഉത്തരവിൽ പറയുന്നത്.  14 ജില്ലകളിലെയും മരം മുറി അന്വേഷിക്കാൻ 5 ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്ഒ മാരെ ചുമതലപ്പെടുത്തി. സർക്കാർ ഉത്തരവിന്‍റെ മറവില്‍ പട്ടയഭൂമിയിലെ സര്‍ക്കാർ സംരക്ഷിത മരങ്ങള്‍ മുറിച്ചതാണ് അന്വേഷിക്കുക. റവന്യൂ വകുപ്പിന്റെ 2020 മാർച്ച് 11 ഇറങ്ങിയ ഉത്തരവിന് ശേഷമുള്ള മുഴുവൻ മരം ഇടപാടുകളും അന്വേഷിക്കാനാണ് നിർദ്ദേശം.

എല്ലാ ജില്ലകളിലെയും മുഴുവന്‍ ഫയലുകളും പരിശോധിക്കണം. നല്‍കിയ അനുമതികളും മുഴുവന്‍ രേഖകളും കസ്റ്റഡിയിലെടുക്കണം. എന്തെങ്കിലും നഷ്ടപെട്ടാല്‍ അത് നല്‍കിയ ഓഫീസുകളില്‍ നിന്നും ശേഖരിക്കണമെന്നും നിർദ്ദേശം ഉണ്ട്. എല്ലാ ദിവസവും ഡിഎഫ്ഒമാര്‍ അന്വേഷണ പുരോഗതി രേഖാമൂലം അറിയിക്കണം. ജൂൺ 22 നകം റിപ്പോർട്ട് കൈമാറണമെന്നാണ് ഉത്തരവ് .

കേസിൽ റവന്യൂ – വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെന്നാണ് വനം വകുപ്പ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോർട്ട്. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കാൻ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ – വിജിലൻസ് മേധാവിയുമായ ​ഗം​ഗാ സിം​ഗിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വയനാറ്റിൽ മരം മുറിച്ചത് സർക്കാർ അറിഞ്ഞു കൊണ്ടാണെന്നും ആരോപണം ഉണ്ട്. ഉദ്യോഗസ്ഥർക്കു ഭരണ തലത്തിൽ നിന്നും സമ്മർദ്ദം ഉണ്ടായി എന്നാണ് പരാതി.