‘വയനാടിന് രണ്ട് എംപിമാരുണ്ടാകും, ഞാനും പ്രിയങ്കയും’; രാഹുല്‍ ഗാന്ധി

Jaihind Webdesk
Monday, June 17, 2024

 

റായ്ബറേലി മണ്ഡലം നിലനിർത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ശ്രദ്ധേയമായി രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍.

“വയനാട് പോരാടാനുള്ള ഊർജ്ജം തന്നു, ജീവിതകാലം മുഴുവൻ മനസിലുണ്ടാകും. വയനാട്ടിനോടും റായ്ബറേലിയോടും എനിക്ക് വൈകാരിക ബന്ധമാണുള്ളത്. വയനാട്ടിലെ ജനങ്ങളുടെ സ്നേഹം മറക്കാനാകില്ല, ജനങ്ങള്‍ക്ക് നന്ദി. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തിയാക്കും. ഇടയ്ക്കിടെ വയനാട്ടിലേക്ക് വരും. വയനാടിന് രണ്ട് എംപിമാരുണ്ടാകും, ഞാനും പ്രിയങ്കയും” – രാഹുല്‍ ഗാന്ധി പറഞ്ഞു.

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വോട്ടർമാർക്ക് നന്ദി അറിയിക്കാനായി വയനാട് മണ്ഡലത്തിലെത്തിയ രാഹുല്‍ ഏറെ വൈകാരികമായാണ് അന്നും പ്രതികരിച്ചത്. ഏതു മണ്ഡലം നിലനിർത്തും എന്നകാര്യം തന്നെ ധർമ്മസങ്കടത്തിലാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. റായ്ബറേലി മണ്ഡലം നിലനിർത്തുമെന്ന തീരുമാനം പ്രഖ്യാപിക്കുമ്പോഴും വയനാടിനൊപ്പം താന്‍ എന്നുമുണ്ടാകുമെന്നും അദ്ദേഹം അസന്ദിഗ്ദ്ധമായി വ്യക്തമാക്കി. റായ്ബറേലി മണ്ഡലത്തിൽ 3.9 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലും വയനാട്ടിൽ 3.64 ലക്ഷം വോട്ടിനുമായിരുന്നു രാഹുലിന്‍റെ വിജയം.