WAYANAD| വയനാട് വോട്ടര്‍പട്ടിക വിവാദം: ‘ചൗണ്ടേരി’ വീട്ടുപേരല്ല, സ്ഥലപ്പേരാണെന്ന് വോട്ടര്‍മാര്‍; അനുരാഗ് ഠാക്കൂറിന്റെ ആരോപണം പൊളിഞ്ഞു

Jaihind News Bureau
Thursday, August 14, 2025

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന ബിജെപി നേതാവ് അനുരാഗ് ഠാക്കൂറിന്റെ ആരോപണം തള്ളി പ്രദേശവാസികള്‍. ഒരേ വീട്ടുപേരില്‍ ഹിന്ദു, മുസ്ലിം വിഭാഗങ്ങള്‍ക്ക് വോട്ടുണ്ടെന്നായിരുന്നു അനുരാഗ് ഠാക്കൂറിന്റെ ആരോപണം. എന്നാല്‍, ‘ചൗണ്ടേരി’ എന്നത് വീട്ടുപേരല്ലെന്നും പ്രദേശത്തിന്റെ പേരാണെന്നും വോട്ടര്‍മാര്‍ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ടര്‍മാരിലെ കൃത്രിമ ആരോപണങ്ങള്‍ക്ക് മറുപടിയായാണ് അനുരാഗ് ഠാക്കൂര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ഇതില്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ ചൗണ്ടേരി എന്ന പ്രദേശം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ ഒരു വീട്ടുപേരില്‍ വോട്ടര്‍മാരായി ഉണ്ടെന്നും ഇത് വോട്ടര്‍ പട്ടികയിലെ ക്രമക്കേടാണെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ അനുരാഗ് ഠാക്കൂര്‍ ഉയര്‍ത്തിക്കാട്ടിയ വള്ളിയമ്മയും, മറിയയും ഈ പ്രദേശത്തെ വോട്ടര്‍മാരാണ്. ചൗണ്ടേരി എന്നത് വീട്ടുപേരല്ല, ചാമുണ്ഡേശ്വരി കുന്ന് എന്ന പേര് ലോപിച്ചുണ്ടായ ഒരു നാടിന്റെ പേരാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കണിയാമ്പറ്റ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് ഈ വോട്ടര്‍മാര്‍ താമസിക്കുന്നത്.

ബിജെപി ഉന്നയിച്ച ആരോപണം പാടെ തെറ്റാണെന്ന് കെപിസിസി പ്രസിഡന്റും വ്യക്തമാക്കി. പ്രാദേശികമായ പ്രത്യേകതകള്‍ മനസ്സിലാക്കാതെയുള്ള ആരോപണമാണ് ബിജെപി ഉന്നയിച്ചതെന്നും, ഇത് അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ കല്‍പ്പറ്റ നിയോജകമണ്ഡലവുമായി ബന്ധപ്പെട്ട് ബിജെപി ഉന്നയിച്ച ആരോപണങ്ങള്‍ പാടെ പൊളിഞ്ഞതായും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.