
വയനാട്: വയനാട് വണ്ടിക്കടവ് മേഖലയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതി പരത്തിയ കടുവ ഒടുവില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് വണ്ടിക്കടവിനടുത്ത് വനംവകുപ്പ് ഒരുക്കിയ കെണിയില്‍ കടുവ അകപ്പെട്ടത്. വയനാട് വന്യജീവി സങ്കേതത്തിലെ WWL 48 എന്ന് അടയാളപ്പെടുത്തിയ കടുവയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.
ദേവര്‍ ഗദ്ദയിലെ ആദിവാസി മൂപ്പനെ കൊലപ്പെടുത്തിയത് ഈ കടുവ തന്നെയാണെന്ന് വനംവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കടുവയുടെ സാന്നിധ്യം ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്നു. മനുഷ്യരെ ആക്രമിക്കാന്‍ തുടങ്ങിയതോടെയാണ് കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചത്.
പിടിയിലായ കടുവയ്ക്ക് ഏകദേശം 14 വയസ്സ് പ്രായമുണ്ട്. നിലവില്‍ കടുവയെ കുപ്പാടിയിലുള്ള വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും ഉള്ളതിനാല്‍ കടുവയെ ഇനി വനത്തിലേക്ക് തുറന്നുവിടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സംരക്ഷണ കേന്ദ്രത്തില്‍ കടുവയ്ക്ക് ആവശ്യമായ നിരീക്ഷണവും പരിചരണവും നല്‍കും.