വയനാട് ടൗണ്‍ഷിപ്പ്; പ്രതീക്ഷയുടെ തറക്കല്ലിട്ടു

Jaihind News Bureau
Thursday, March 27, 2025

വയനാട് എല്‍സറ്റണ്‍ എസ്റ്റേറ്റില്‍ മാത്യകാ ടൗണ്‍ഷിപ്പിന് തറക്കല്ലിട്ട് മുഖ്യമന്ത്രി. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്തത്തിന് വീട് നഷ്ടമായവര്‍ക്ക് സ്‌നേഹഭവനങ്ങള്‍ ഒരുങ്ങുകയാണ്. ചടങ്ങില്‍ പ്രിയങ്ക ഗാന്ധി എം.പി, പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

മൂന്ന് ഘട്ടങ്ങളിലായി 402 വീടുകളൊരുങ്ങും. കല്‍പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് ടൗണ്‍ഷിപ്പിനായി ഏറ്റെടുത്തത് 64 ഹെക്ടര്‍ ഭൂമിയാണ്. 7 സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1,000 ചതുരശ്ര അടിയിലാണ് വീട് ഒരുങ്ങുന്നത്. അങ്കണവാടി, കമ്യൂണിറ്റി സെന്റര്‍, പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവയും ടൗണ്‍ഷിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തുടക്കമിടുന്നത് പുനര്‍നിര്‍മാണത്തിലെ ലോകമാതൃകയ്‌ക്കെന്നും ഒരു ദുരന്തബാധിതനും ഇനി ഒറ്റപ്പെടില്ലെന്നും മന്ത്രി കെ.രാജന്‍ പറഞ്ഞു. വളരെ പ്രതീക്ഷയോടെ സമീപിച്ചിട്ടും കേന്ദ്രം സഹായിച്ചില്ലെന്നും മുന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇനി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും മുഖ്യമന്ത്രിയും ചടങ്ങില്‍ പറഞ്ഞു.

രാഹുല്‍ഗാന്ധി വാഗ്ദാനം ചെയ്ത 100 വീടുകള്‍കൂടി ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. സമയബനധിതമായി കാര്യങ്ങള്‍ ചെയ്തുതീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ 20 കോടി വാഗ്ദാനം ചെയ്ത് കര്‍ണാടക മുഖ്യമന്ത്രി ഇന്ന് കത്തയച്ചെന്നും കത്തിന്റെ ഭാഗം ടൗണ്‍ഷിപ്പ് തറക്കല്ലിടല്‍ ചടങ്ങില്‍ വായിക്കുകയും ചെയ്തു. അളക്കാന്‍ കഴിയാത്ത തീരാ നഷ്ട്ടമാണ് വയനാടിന് ഉണ്ടായതെന്നും ജാതി മത വര്‍ഗ രാഷ്ട്രിയ വിവേചനമില്ലാതെ ജനങ്ങള്‍ ദുരന്തത്തെ മറികടക്കാന്‍ പരിശ്രമിച്ചുവെന്നും പ്രിയങ്ക ഗാന്ധി എം.പി കൂട്ടിച്ചേര്‍ത്തു.