വയനാട്: ബത്തേരിക്ക് സമീപം സീസിയിൽ വീണ്ടും കടുവയെത്തി. ഇന്നലെ രാത്രിയോടെയാണ് കടുവ വീണ്ടും എത്തിയത്. ഞാറക്കാട്ടിൽ സുരേന്ദ്രന്‍റെ വീട്ടിൽ 3 ദിവസം മുമ്പ് കടുവ പശുക്കിടാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇന്നലെ രാത്രിയോടെ സീസി അരിവയൽ കല്ലിടാംകുന്ന് ജയ എസ്റ്റേറ്റിനു സമീപം കാക്കാട്ട് വർഗീസിന്‍റെ ആടിനെ കടുവ കൊന്നു.
ശബ്ദം കേട്ട് വീട്ടുകാർ ലൈറ്റ് ഇട്ടതിനാൽ കടുവ ആടിനെ ഉപേക്ഷിച്ച് ഓടിപ്പോയതായും വീട്ടുകാർ പറഞ്ഞു. വനം വകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്. വനത്തിനോട് ചേർന്ന മേഖലയിൽ കടുവാ സാന്നിധ്യം ഉണ്ടെങ്കിലും ജനവാസ മേഖലയിൽ തുടർച്ചയായുള്ള ദിവസങ്ങളിൽ കടുവയെത്തിയത് ജനങ്ങളെ ആശങ്കയിൽ ആക്കുന്നുണ്ട്. 10 ദിവസത്തെ ദൗത്യത്തിനൊടുവിൽ നരഭോജി കടുവയെ പിടികൂടിയ കൂടല്ലൂരിന് സമീപമാണ് പുതിയ സംഭവങ്ങൾ എന്നതും ആശങ്കയ്ക്ക് കാരണമാണ്.