വയനാട് ഭീതി പരത്തിയ കടുവയെ പനമരം മേച്ചേരിയില്‍ കണ്ടെത്തി; കാട് കയറ്റാന്‍ നീക്കം; പ്രദേശത്ത് നിരോധനാജ്ഞ തുടരുന്നു

Jaihind News Bureau
Tuesday, December 16, 2025

 

ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പരത്തിയ കടുവയെ വയനാട് പനമരം മേച്ചേരി വയല്‍ പ്രദേശത്ത് കണ്ടെത്തി. കടുവയുടെ സ്ഥാനം വനംവകുപ്പ് ലോക്കറ്റ് ചെയ്തിട്ടുണ്ട്. കടുവയെ രാത്രിയോടെ തൊട്ടടുത്ത പാതിരിയമ്പം വനമേഖലയിലേക്ക് കയറ്റിവിടാനാണ് ശ്രമം നടക്കുന്നതെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ. അജിത് കെ. രാമന്‍ അറിയിച്ചു.

രാവിലെ പനമരം മേച്ചേരി വയല്‍ പ്രദേശത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് ഈ ഭാഗത്ത് തിരച്ചില്‍ ആരംഭിച്ചത്. ഇന്നലെ കടുവയുടെ ദൃശ്യം ഡ്രോണില്‍ പതിഞ്ഞ പടിക്കംവയലില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം.

ആര്‍.ആര്‍.ടി സംഘം കടുവയെ നേരില്‍ കണ്ടതിന് പിന്നാലെ എണ്‍പതോളം വരുന്ന വനപാലക സംഘം ഉച്ചയോടെ പ്രദേശം സുരക്ഷിതമായി വളഞ്ഞു. മുത്തങ്ങയില്‍ നിന്നുള്ള ഭരത്, വിക്രം എന്നീ കുങ്കിയാനകളെയും കടുവയെ കാട് കയറ്റുന്നതിനുള്ള ശ്രമത്തിനായി സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

കടുവാ ഭീതി നിലനില്‍ക്കുന്ന പനമരം, കണിയാമ്പറ്റ പ്രദേശങ്ങളില്‍ നിരോധനാജ്ഞ ഇപ്പോഴും തുടരുകയാണ്. കടുവയെ കണ്ട മേച്ചേരി പുളിക്കല്‍ ഭാഗത്തുള്ള കുടുംബങ്ങള്‍ക്ക് വീടിനുള്ളില്‍ തന്നെ തുടരാന്‍ വനംവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.