
വയനാട്: തിരുനെല്ലിയില്‍ വന്യജീവി ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതി കോളനിയിലെ ചാന്ദിനി (65) ആണ് മരിച്ചത്. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ വനത്തിനുള്ളില്‍ വച്ചാണ് കാട്ടാനയുടെ ചവിട്ടേറ്റ് ഇവര്‍ കൊല്ലപ്പെട്ടത്.
തിരുനെല്ലി പനവല്ലി-അപ്പപ്പാറ റോഡില്‍ നിന്ന് വനത്തിലേക്ക് കയറുന്ന ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പതിവ് പരിശോധനക്കിടെ പ്രദേശത്ത് കാട്ടാനയുടെ കാല്‍പ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച ചാന്ദിനിയുടെ മുഖത്ത് ആഴത്തിലുള്ള മുറിവുകളുണ്ട്.
നിലവില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.