വയനാട് പുനരധിവാസം: 105 കുടുംബങ്ങള്‍ക്ക് മുസ്ലിം ലീഗ് ഒരുക്കുന്ന ഭവനപദ്ധതി; തറക്കല്ലിടല്‍ ഇന്ന്

Jaihind News Bureau
Wednesday, April 9, 2025

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് മുസ്ലിം ലീഗ് തയ്യാറാക്കുന്ന ഭവനപദ്ധതിയുടെ തറക്കല്ലിടല്‍ ഇന്ന്. ഉച്ചക്ക് 2 മണിക്ക് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുട്ടിൽ ഓര്‍ഫനേജ് ഓഡിറ്റോറിയത്തിൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. 11 ഏക്കര്‍ ഭൂമിയില്‍ 105 കുടുംബങ്ങള്‍ക്കാണ് വീട് ഒരുങ്ങുന്നത്

ജൂലൈ 30ലെ നടുക്കുന്ന ഓർമ്മകളിൽ നിന്ന് ദുരന്തബാധിതർ ഇനിയും മുക്തരായിട്ടില്ല. അന്നുമുതൽ സ്വന്തമായ ഒരു കൂര എന്നത് സ്വപ്നം മാത്രമായ 105 കുടുംബങ്ങള്‍ക്കാണ് സ്വപ്‌നഭവനങ്ങളുയരുന്നത്. മുട്ടില്‍ – മേപ്പാടി റോഡിനോട് ചേര്‍ന്ന് വെള്ളിത്തോടിൽ മുസ്ലിം ലീഗ് വില കൊടുത്തു വാങ്ങിയ 11 ഏക്കര്‍ ഭൂമിയില്‍ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ദുരന്തബാധിതരുടെ ആവശ്യപ്രകാരമാണ് മേപ്പാടി പഞ്ചായത്തില്‍ തന്നെ വീടുകൾ ഒരുക്കുന്നത്.

ദുരന്തനാൾ മുതൽ രക്ഷാപ്രവർത്തനത്തിന്‍റെയും പുനരധിവാസത്തിന്‍റെയും ഓരോ ഘട്ടത്തിലും ദുരിതബാധിതര്‍ക്കൊപ്പം നിന്ന പാർട്ടി എല്ലാകാലവും അതുതുടരുമെന്നും നേതാക്കള്‍ പറഞ്ഞു. സ്വപ്‌നപദ്ധതിയുടെ തറക്കല്ലിടല്‍ കര്‍മ്മം ചരിത്രസംഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് പാർട്ടി പ്രവർത്തകർ