വയനാട് പുനരധിവാസം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അലംഭാവമെന്ന് കെ. സുധാകരന്‍ എംപി

Jaihind Webdesk
Sunday, December 8, 2024

 

കണ്ണൂര്‍: വയനാട് പുനരധിവാസത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അലംഭാവം കാട്ടുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്‌സ് അസസ്‌മെന്‍റ് റിപ്പോര്‍ട്ട് വൈകിയതിന്‍റെ പേരിലാണ് കേന്ദ്രം സഹായത്തിൽ തീരുമാനമാകാത്തതെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന മനുഷ്യത്വ രഹിതമാണ്. വയനാട് ജനതയുടെ ദുരിതം നേരിട്ട് മനസിലാക്കിയിട്ടും സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അലംഭാവം തുടരുന്നത് ക്രൂരമാണ്. ആശയക്കുഴപ്പം സൃഷ്ടിച്ച് രാഷ്ട്രീയം കളിക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെന്നും ഇത് ഇരു സര്‍ക്കാരുകളും അവസാനിപ്പിക്കണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്‍റെ ദുരന്ത നിവാരണ നിധിയില്‍ 677 കോടിയോളം തുകയുണ്ട്. ഇതു ചെലവഴിക്കാനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കാനുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുകയാണ് വേണ്ടത്. എസ്ഡിആര്‍എഫില്‍ നിന്ന് എത്ര തുകയാണ് വയനാട് പുനരധിവാസത്തിന് ചെലവാക്കേണ്ടത് എന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് ധാരണയില്ലാത്തത് വയനാട് ദുരന്തബാധിതരെ അപമാനിക്കുന്നതിന് തുല്യമാണെന്നും സുധാകരന്‍ എംപി കുറ്റപ്പെടുത്തി.

വയനാട് ദുരന്തം കഴിഞ്ഞ് നാലുമാസം പിന്നിട്ടിട്ടും ഇതുവരെ ദുരന്തബാധിതര്‍ക്ക് ആവശ്യമായ സഹായമെത്തിക്കാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഹൈക്കോടതി നടത്തിയ വിമര്‍ശനം കേരളീയ സമൂഹത്തിന്‍റെ പൊതുവികാരം ഉള്‍ക്കൊള്ളുന്നതാണെന്നും കെ. സുധാകരന്‍ പറഞ്ഞു.

പ്രധാനമന്ത്രിയും കേന്ദ്രസംഘവും മുഖ്യമന്ത്രിയും ദുരന്തസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതി മനസിലാക്കിയിട്ടും അടിയന്തര സഹായമായി തുക അനുവദിക്കാത്തത് ഇരകളോടുള്ള അനീതിയാണ്. കേന്ദ്രസഹായം വൈകുന്നതിന്‍റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നതിനോട് യോജിക്കാനാവില്ലെന്നും സുധാകരന്‍ പറഞ്ഞു.

കേരള സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ സ്വന്തം നിലയ്ക്ക് ഭൂമി വാങ്ങി വീടുവെയ്ക്കാനുള്ള സന്നദ്ധത കര്‍ണ്ണാടക, തെലുങ്കാന സര്‍ക്കാരുകള്‍ അറിയിച്ചിട്ടും അതിനോട് പോലും അനുകൂലമായ പ്രതികരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. സമാനരീതിയില്‍ നിരവധി സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും ദുരന്തബാധിതരെ സഹായിക്കാന്‍ മുന്നോട്ട് വന്നിരുന്നു. ആയിരകണക്കിന് ദുരന്തബാധിതര്‍ ഇപ്പോഴും വാടകയ്ക്ക് താമസിക്കുമ്പോഴാണ് സ്ഥലം ഏറ്റെടുത്ത് നല്‍കാതെ ദുരന്തബാധിതരെ സഹായിക്കാന്‍ മുന്നോട്ട് വരുന്നവരെ അവഹേളിക്കുന്നതെന്നും കെ.സുധാകരന്‍ കുറ്റപ്പെടുത്തി.