മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിന് എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമി സർക്കാർ ഔദ്യോഗികമായി ഏറ്റെടുത്തു. നാളെ മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് പറഞ്ഞ ജില്ലാ കലക്ടർ, ഭൂമി സർക്കാർ ഏറ്റെടുത്തതായി എസ്റ്റേറ്റ് ഭൂമിയിൽ നോട്ടീസ് പതിച്ചു. 17 കോടി രൂപ കൂടി കെട്ടിവെച്ചാൽ ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് തടസ്സമില്ലെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് ഇന്നലെ രാത്രി സർക്കാരിന്‍റെ തിരക്കിട്ട നടപടി.
ടൗൺഷിപ്പ് നിർമിക്കാൻ എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ ഭൂമി ഏറ്റെടുക്കാമെന്നും, അതിനായി 17 കോടി രൂപ കൂടി കെട്ടിവയ്ക്കണമെന്നും കോടതി ഇന്നലെ ഇടക്കാല ഉത്തരവിട്ടിരുന്നു. ഹൈക്കോടതിയിൽ നിന്നുണ്ടായത് സർക്കാരിന് ആശ്വാസമായ വിധിയാണെന്നും ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചതിനു പിന്നാലെയാണ് ഇന്നലെ രാത്രി തന്നെ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എസ്റ്റേറ്റിൽ എത്തി നോട്ടീസ് പതിച്ച് ഭൂമി ഏറ്റെടുത്തത്
26 കോടി രൂപ കെട്ടിവച്ച് ഭൂമി ഏറ്റെടുത്ത് പുനരധിവാസ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാം എന്ന് നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് സർക്കാർ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. എന്നാൽ സർക്കാർ നിശ്ചയിച്ച തുക മതിയായതല്ലെന്നും 549 കോടി രൂപയാണ് നൽകേണ്ടതെന്നുമാണ് എസ്റ്റേറ്റ് ഉടമകൾ കോടതിയിൽ വാദിച്ചത്. ഹരജിയിൽ ജൂലൈ ഏഴിന് അന്തിമവാദം നടക്കും. ഇതിനുശേഷമാകും കോടതിയുടെ വിശദമായ ഉത്തരവ്.