വയനാട്: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസത്തിനുള്ള ഗുണഭോക്താക്കളുടെ പട്ടിക പ്രസിദ്ധീകരിച്ചു. മൂന്നു വാർഡുകളിലായി 322 പേരാണ് ഗുണഭോക്താക്കളെങ്കിലും 242 ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടികയാണ് പ്രസിദ്ധീകരിച്ചത്. രണ്ടാം ഘട്ട പട്ടിക പിന്നീട് പുറത്തിറക്കും. അന്തിമ ഗുണഭോക്തൃ പട്ടികക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും അംഗീകാരം നൽകി.
ദുരന്തം കഴിഞ്ഞ് ആറു മാസം പിന്നിടുമ്പോഴാണ് ആക്ഷേപരഹിതമായി പുനരധിവാസ പട്ടിക പ്രസിദ്ധീകരിക്കാനാകുന്നത്. ആദ്യ ഘട്ടത്തിൽ 242 വീടുകളും രണ്ടാം ഘട്ടത്തിൽ 80 വീടുകളും നിർമിക്കാനാണ് പദ്ധതി. പത്താം വാർഡിൽ 92 ഉം പതിനൊന്നാം വാർഡിൽ 112 ഉം പന്ത്രണ്ടാം വാർഡിൽ 118 ഉം വീടുകൾ വാസയോഗ്യമല്ലാതായതായാണ് കണ്ടെത്തൽ. ഇന്നലെ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം വിശദ പരിശോധനകൾക്ക് ശേഷം പട്ടിക അംഗീകരിക്കുകയായിരുന്നു. ഇതിന്മേലും പരാതികളും ആക്ഷേപങ്ങളുമുണ്ടെങ്കിൽ ദുരന്ത നിവാരണ വകുപ്പിനെ അറിയിക്കാം. പുനരധിവാസത്തിൻ്റെ ഭാഗമായി കൽപ്പറ്റ എൽസ്റ്റൺ, നെടുമ്പാല ഹാരിസൺ എന്നീ എസ്റ്റേറ്റുകളിൽ പ്രഖ്യാപിച്ച ടൗൺഷിപ്പിന് 750 കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലും 750 കോടി രൂപ പുനരധിവാസത്തിനായി നീക്കിവെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന ആവശ്യത്തിൽ കേന്ദ്ര സർക്കാരിൽ നിന്നുള്ള തീരുമാനം കാക്കുകയാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതികരണം.