മധ്യപ്രദേശ് സർക്കാറിന്‍റെ ഉടമസ്ഥതയിലുള്ള വയനാട്ടിലെ ഭൂമി : രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ച് വയനാടന്‍ ജനത, പ്രതികരിക്കാതെ സർക്കാർ

Jaihind News Bureau
Monday, December 9, 2019

മധ്യപ്രദേശ് സർക്കാറിന്‍റെ ഉടമസ്ഥതയിലുള്ള വയനാട്ടിലെ ഭൂമി വയനാട് മെഡിക്കൽ കോളേജിനായി വിട്ട് നൽകാൻ കമൽനാഥ് സർക്കാരുമായി സംസാരിക്കാമെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തെ ഇരുകയ്യും നീട്ടിയാണ് വയനാടൻ ജനത സ്വീകരിച്ചത്. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ സംസ്ഥാന സർക്കാർ ഇത് വരെ തയ്യാറായിട്ടില്ല.

വയനാട് മെഡിക്കൽ കോളേജിനായി ചന്ദ്ര ബാബു ട്രസ്റ്റ് സൗജന്യമായി നൽകിയ മടക്കിമലയിലെ ഭൂമിയിൽ കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ തറക്കല്ലിടുകയും ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു.

എന്നാൽ പിന്നീട് വന്ന ഇടത് സർക്കാർ മടക്കിമലയിലെ ഈ ഭൂമി പ്രകൃതിലോല പ്രദേശമാണെന്ന് പറഞ്ഞ് വൈത്തിരിയിൽ മെഡിക്കൽ കോളേജിനായി കോടികൾ മുടക്കി ഭൂമി വാങ്ങാൻ തീരുമാനിച്ചു. എന്നാൽ കഴിഞ്ഞ രണ്ട് പ്രളയത്തിലും മടക്കി മലയിൽ ഒരു മണ്ണിടിച്ചിൽ പോലുമുണ്ടായില്ല എന്ന് മാത്രമല്ല ഇടത് സർക്കാർ മെഡിക്കൽ കോളേജിനായി കണ്ടെത്തിയ ഭൂമി ഉൾപ്പെടുന്ന വൈത്തിരി താലൂക്കിൽ കഴിഞ്ഞ രണ്ട് പ്രളയത്തിനും വലിയ നാശനഷ്ടം ഉണ്ടാവുകയും ചെയ്തു. കഴിഞ്ഞ പ്രളയത്തിൽ ഒരു ഇരുനില കെട്ടിടം പൂർണ്ണമായും മണ്ണിനടിയിലേക്ക് പോയതും ഈ വില്ലേജിലാണ്. ഇത് വയനാട്ടിൽ വലിയ വിവാദത്തിന് തിരികൊളുത്തി. ഈ സാഹചര്യത്തിലാണ് മധ്യപ്രദേശ് സർക്കാറിന്‍റെ വയനാട്ടിലുള്ള ബീനാച്ചി എസ്റ്റേറ്റ് എന്ന ഭൂമി മെഡിക്കൽ കോളേജിനായി വിട്ട് നൽകാൻ കമൽനാഥ് സർക്കാറുമായി സംസാരിക്കാം എന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്.

ഈ പ്രഖ്യാപനത്തെ വയനാടൻ ജനത ഇരുകയ്യും നീട്ടി സ്വീകരിച്ചു. എന്നാൽ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തോട് സർക്കാർ ഇത് വരെ പ്രതികരിച്ചിട്ടില്ല.