പുതുവത്സരാഘോഷം; വയനാട് ചുരത്തില്‍ വിലക്കേര്‍പ്പെടുത്തി, കൂടുതല്‍ പോലീസിനെ വിന്യസിക്കും

Jaihind Webdesk
Saturday, December 30, 2023

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വയനാട് ചുരത്തിലും വിലക്കേര്‍പ്പെടുത്തി പോലീസ്. ചുരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ വരെ താമരശ്ശേരി ചുരത്തിലാണ് നിയന്ത്രണം. ചുരത്തിൽ നാളെ വൈകുന്നേരം മുതൽ തിങ്കളാഴ്ച രാവിലെ വരെ വാഹനത്തിൽ നിന്നും പുറത്തിറങ്ങിയുള്ള ആഘോഷങ്ങളും അനുവദിക്കില്ല. വാഹനങ്ങൾ ചുരത്തിൽ പാർക്കു ചെയ്യാനും അനുവദിക്കില്ലെന്നാണ് അറിയിപ്പ്.

നാളെ വൈകിട്ട് 7 മണിക്ക് ചുരത്തിലെ കടകൾ അടയ്ക്കാൻ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചുരത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കുമെന്നും പട്രോളിങ് ശക്തമാക്കുമെന്നും താമരശ്ശേരി ഇന്‍സ്പെക്ടര്‍ അറിയിച്ചു. അതേസമയം തലസ്ഥാനത്ത് പുതുവത്സര ദിനത്തിൽ ഡിജെ പാർട്ടികൾക്ക് മുൻകൂർ അനുമതി വാങ്ങണമെന്ന് പോലീസ് നിർദേശം. മാനവീയം വീഥിയിൽ രാത്രി 12.30 വരെ മാത്രമാവും ആഘോഷങ്ങൾക്ക് അനുമതി.