
മാനന്തവാടി: വയനാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രസവശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിയുടെ വയറ്റില്‍ തുണി കുടുങ്ങിയ സംഭവത്തില്‍ സംസ്ഥാനതല അന്വേഷണം ഇന്ന് ആരംഭിക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ആരോഗ്യവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. വീണ സരോജിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പരിശോധനയ്ക്കായി വയനാട്ടിലെത്തുന്നത്.
മെഡിക്കല്‍ കോളേജിലെ ചികിത്സാ രേഖകള്‍ സംഘം ഇന്ന് വിശദമായി പരിശോധിക്കും. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരില്‍ നിന്നും മറ്റ് ജീവനക്കാരില്‍ നിന്നും സംഘം വിവരങ്ങള്‍ തേടും. കൂടാതെ, ചികിത്സാപ്പിഴവിന് ഇരയായ യുവതിയുടെ മൊഴി സംഘം നേരിട്ട് രേഖപ്പെടുത്തും. വിദഗ്ധ സംഘം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കുറ്റക്കാര്‍ക്കെതിരെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുക.
യുവതിയുടെ ആരോഗ്യാവസ്ഥ പരിശോധിക്കാന്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി യുവതിയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. സംഭവത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനല്‍കി. മന്ത്രി നേരിട്ട് വിളിച്ച് സംസാരിച്ചതില്‍ വലിയ പ്രതീക്ഷയും ആശ്വാസവുമുണ്ടെന്ന് യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു.