ഇതോ നമ്പർ വണ്‍?; വയനാട് മെഡിക്കൽ കോളേജില്‍ ചികിത്സാ പിഴവ്; പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തിൽ നിന്ന് തുണി പുറത്തെടുത്തു

Jaihind News Bureau
Tuesday, January 6, 2026

വയനാട് മെഡിക്കൽ കോളേജിനെതിരെ ഞെട്ടിക്കുന്ന ചികിത്സാ പിഴവ് ആരോപണം. പ്രസവം കഴിഞ്ഞ 21-കാരിയായ യുവതിയുടെ ശരീരത്തിനുള്ളിൽ കോട്ടൺ തുണി മറന്നുവെച്ച സംഭവമാണ് പുറത്തുവന്നിരിക്കുന്നത്. നോർമൽ പ്രസവത്തിന് ശേഷം രക്തസ്രാവം തടയാൻ വെച്ച തുണി നീക്കം ചെയ്യാതെയാണ് ഡോക്ടർമാർ യുവതിയെ ഡിസ്ചാർജ് ചെയ്തത്. വീട്ടിലെത്തിയ യുവതിക്ക് അസഹ്യമായ വയറുവേദനയും ദുർഗന്ധവും അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ എത്തിയെങ്കിലും അധികൃതർ ഇത് ഗൗരവമായി എടുത്തില്ല.

ശരീരത്തിനുള്ളിൽ എന്തോ ഉണ്ടെന്ന സംശയം യുവതി ഉന്നയിച്ചെങ്കിലും, പ്രാഥമിക പരിശോധന പോലും നടത്താതെ വെള്ളം കുടിച്ചാൽ മാറുന്ന പ്രശ്നമേയുള്ളൂ എന്ന് പറഞ്ഞ് ഡോക്ടർമാർ മടക്കി അയക്കുകയായിരുന്നു. രണ്ടുതവണ ചികിത്സ തേടിയിട്ടും അധികൃതർ വീഴ്ച തിരുത്താൻ തയ്യാറായില്ല. ഒടുവിൽ 75 ദിവസത്തിന് ശേഷം യുവതിയുടെ ശരീരത്തിൽ നിന്ന് കോട്ടൺ തുണി തനിയെ പുറത്തുവരുകയായിരുന്നു. അത്രയും ദിവസം അങ്ങേയറ്റം വേദനയും ദുരിതവുമാണ് ഈ പെൺകുട്ടി അനുഭവിച്ചത്.

 സംഭവത്തിൽ മന്ത്രി ഒ.ആർ. കേളുവിനും പോലീസിനും യുവതി പരാതി നൽകിയിട്ടുണ്ട്. മെഡിക്കൽ കോളേജ് പോലുള്ള വലിയൊരു സംവിധാനത്തിൽ ഇത്രയും വലിയ വീഴ്ച സംഭവിച്ചിട്ടും അത് കണ്ടെത്താൻ കഴിയാത്തത് ആരോഗ്യവകുപ്പിന്റെ കടുത്ത അനാസ്ഥയാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ ജാഗ്രതക്കുറവ് ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം.