മാവോയിസ്റ്റ് നേതാവ് ജലീലിന്റെ കൊലപാതകത്തില്‍ ദുരൂഹത; വെടിയേറ്റത് പിന്നില്‍ നിന്ന്; വ്യാജ ഏറ്റുമുട്ടലെന്ന് ആരോപണം

Jaihind Webdesk
Friday, March 8, 2019

കല്‍പ്പറ്റ: മാവോയിസ്റ്റ് നേതാവ് മലപ്പുറം പാണ്ടിക്കാട് ചെറുകപ്പള്ളില്‍ സി പി ജലീല്‍ (26) കൊല്ലപ്പെട്ട പോലീസ് തണ്ടര്‍ബോള്‍ട്ട് ഓപ്പറേഷനില്‍ ദുരൂഹതയേറുന്നു. വെടിയുണ്ട പിന്നില്‍ നിന്ന് വെടിയേറ്റ് കണ്ണിന് സമീപത്തുകൂടെ തുളച്ച് കടന്നുപോയ നിലയിലാണ്. കണ്ണൂര്‍ ഐ ജി ബല്‍റാംകുമാര്‍ ഉപാധ്യായയാണ് മാവോയിസ്റ്റുകള്‍ക്കെതിരായ ‘ഓപ്പറേഷന്‍ അനാക്കോണ്ട’ യുടെ ഭാഗമായാണ് ഓപ്പറേഷന്‍ നടന്നതെന്ന് വിശദീകരിച്ചു. ജലീലിന്റെ സഹോദരന്‍ സി പി റഷീദ് വ്യാഴാഴ്ച ഉച്ചയോടെ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു.
ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് വൈത്തിരി ലക്കിടിയിലെ ‘ഉപവന്‍’ റിസോര്‍ട്ടില്‍ ഏറ്റുമുട്ടലുണ്ടാകുന്നത്. രാത്രി എട്ട് മണിയോടെ റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റ് സംഘം പത്ത് പേര്‍ക്കുള്ള ഭക്ഷണവും, അമ്പതിനായിരം രൂപയും ആവശ്യപ്പെടുകയായിരുന്നുവെന്ന് പറയുന്നു. പതിനായിരം രൂപ റിസോര്‍ട്ട് ജീവനക്കാര്‍ മാവോയിസ്റ്റുകള്‍ക്ക് നല്‍കിയെന്നും പറയുന്നു. ഇതിനിടെ വൈത്തിരി സ്റ്റേഷനിലെ പൊലീസും, തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളും സ്ഥലത്തെത്തി. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് സി പി ജലീല്‍ കൊല്ലപെടുന്നതെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. അതേസമയം, ഏറ്റുമുട്ടല്‍ ആസൂത്രിതമാണെന്ന വാദമാണ് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്.

ജില്ലയില്‍ നിരവധി തവണ മാവോയിസ്റ്റുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും എത്രയോ കേസുകള്‍ യു എ പി എ ചുമത്തിയെടുത്തിട്ടും ഒരു മാവോയിസ്റ്റിനെ പോലും പിടികൂടാന്‍ നാളിതുവരെയായി പൊലീസിന് സാധിച്ചിട്ടില്ല. മാനന്തവാടിയിലെ തലപ്പുഴയില്‍ പൊലീസിന്റെ മൂക്കിന് താഴെ മാവോയിസ്റ്റുകള്‍ പ്രകടനം നടത്തിയിട്ടും അവരെ തൊടാന്‍ പോലും പൊലീസിന് സാധിച്ചിരുന്നില്ല. അത്യാധുനിക തോക്കുകള്‍ ഉപയോഗിച്ചാണ് മാവോയിസ്റ്റുകള്‍ ബുധനാഴ്ച രാത്രി പൊലീസിന് നേരെ മണിക്കൂറുകളോളം വെടിയുതിര്‍ത്തതെന്ന് പറയുമ്പോഴും അതും വിശ്വസനീയമല്ല. മണിക്കൂറുകളോളം പോലീസിനു നേരെ വെടിവെച്ചെന്ന് പറയുമ്പോള്‍ ഒരു പോലീസുകാരനു പോലും പരിക്കേറ്റിട്ടില്ല. വെടിവെയ്പിന്റെ ലക്ഷണങ്ങള്‍ കാണാനുമില്ല.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ശക്തമായ ആരോപണവുമായി മരിച്ച ജലീലിന്റെ സഹോദരന്‍ സി പി റഷീദും രംഗത്തെത്തികഴിഞ്ഞു. മജിസ്റ്റീരിയല്‍ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാകലക്ടര്‍ക്കും, ജില്ലാ പൊലീസ് മേധാവിക്കും അദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്. പരാതിക്ക് രസീത് നല്‍കാന്‍ പോലും വിമുഖത കാണിച്ചതായും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രാത്രി 9.30ന് തുടങ്ങിയ വെടിവെപ്പ് പുലര്‍ച്ചെ നാലര വരെ നീണ്ടുവെന്ന് പറയുന്നത് വിശ്വസനീയമല്ല. അതുകൊണ്ട് തന്നെ ഏറ്റുമുട്ടല്‍ പോലീസ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തലയുടെ പിന്‍ഭാഗത്ത് കൂടി വെടിയുണ്ട കയറി കണ്ണ് തുളച്ച് പുറത്തേക്ക് പോയ രീതിയിലുള്ള മുറിപ്പാടുകളാണ് ജലീലിന്റെ മൃതദേഹത്തില്‍ കണ്ടെത്തിയത്. ഇത് കൂടാതെ വലതുകൈയ്ക്കും മറ്റ് ശരീരഭാഗങ്ങളിലും പരിക്കുകളുണ്ട്.

ഏറ്റുമുട്ടലില്‍ പൊലീസുകാര്‍ക്ക് ആര്‍ക്കും പരിക്കുകളില്ല. റിസോര്‍ട്ടിന്റെ പിന്‍വശത്തുള്ള വനപ്രദേശത്ത് 30 അംഗ തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. വെടിവെപ്പിനെ തുടര്‍ന്ന് ജില്ലയില്‍ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംഭവം നടന്നതിന് ശേഷം വ്യാഴാഴ്ച ഉച്ചയോടെയാണ് റിസോര്‍ട്ടിലെ താമസക്കാരെ പുറത്തേക്ക് പോകാന്‍ അനുവദിച്ചത്. റിസോര്‍ട്ടില്‍ നിന്നുള്ള ചില സി സി ടി വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.  കഴിഞ്ഞ മൂന്ന് വര്‍ഷമായി കൊല്ലപ്പെട്ട ജലീല്‍ സി പി ഐ മാവോയിസ്റ്റ് കബനിദളത്തിന്റെ അംഗമാണ്. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ വേല്‍മുരുകന്‍ എന്ന മാവോയിസ്റ്റ് കാട്ടിലേക്ക് കടന്നതായി വിവരമുണ്ട്. ഇയാള്‍ പോയ വഴിയെ രക്തപ്പാടുകള്‍ കണ്ടതായും പറയുന്നു.  വ്യാഴാഴ്ച രാവിലെ ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ജില്ലാകലക്ടര്‍ എ ആര്‍ അജയകുമാര്‍, സബ്കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, കണ്ണൂര്‍ ഐ ജി ബല്‍റാംകുമാര്‍ ഉപാധ്യായ, ജില്ലാ പൊലീസ് മേധാവി കറുപ്പസ്വാമി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജലീലിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. വൈകിട്ടോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും.