മലപ്പുറം ജില്ലയിലെ ചാലിയാറിലും ഒഴുകിയെത്തി മൃതദേഹങ്ങള്‍; സങ്കടക്കാഴ്ചയായി ദുരന്തമേഖലയിലെ ദൃശ്യങ്ങള്‍

 

വയനാട്/മലപ്പുറം: കണ്ണീർ കാഴ്ചയായി വയനാട് ഉരുള്‍പൊട്ടലിലെ ദാരുണദൃശ്യങ്ങള്‍. കിലോമീറ്ററുകൾ അകലെ മലപ്പുറത്ത് വരെ മൃതദേഹങ്ങൾ ഒഴുകിയെത്തി. മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ഇതിനോടകം  11 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മൂന്നു വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹവും ഇതിലുണ്ട്. ശരീരഭാഗങ്ങള്‍ നഷ്ടപ്പെട്ട് വികൃതമായ നിലയിലെ ശരീരങ്ങള്‍ ഉള്ളുലയ്ക്കുന്ന സങ്കടക്കാഴ്ചയായി.

ചാലിയാർ പുഴയിൽ കണ്ടെത്തിയത് വയനാട്ടിൽനിന്ന് ഒഴുകിയെത്തിയ മൃതദേഹങ്ങൾ തന്നെയാണെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു. മുണ്ടക്കൈയിലേക്ക് ആർക്കും കടക്കാനാകാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. അംഗഭംഗം വന്ന നിലയിലാണ് മൃതദേഹങ്ങളിൽ പലതുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരുതുന്നതിലും ഭീകരമാണ് മുണ്ടക്കൈയിലെ അവസ്ഥയെന്ന് ദുരന്തമേഖലയില്‍ തുടരുന്ന ടി. സിദ്ദിഖ് എംഎൽഎയും പ്രതികരിച്ചു.

ഇരുട്ടുകുത്തി, പോത്തുകല്ല്, പനങ്കയം, ഭൂതാനം തുടങ്ങിയ ഭാഗങ്ങളിൽനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വനത്തിനുള്ളിലെ കുമ്പിളപ്പാറ കോളനി ഭാഗങ്ങളിൽ അഞ്ച് മൃതദേഹങ്ങൾ കരയ്ക്ക് അടിഞ്ഞതായി ആദിവാസികൾ പറഞ്ഞു. എന്നാൽ അഗ്നിരക്ഷാ സേനയ്ക്ക് ആ ഭാഗത്തേക്ക് കടക്കാനായിട്ടില്ല. കണ്ടെത്തിയ മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരു പ്രദേശം അപ്പാടെ വിഴുങ്ങിയ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവരെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്. പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. തിരച്ചിലിനായി സൈന്യവും വയനാട്ടിലെത്തി.

ഇന്ന് പുലർച്ചെയാണ് ചൂരല്‍മലയിലും മേപ്പാടിയിലും വലിയ ഉരുള്‍പൊട്ടലുണ്ടായത്.രക്ഷാപ്രവർത്തനത്തിന്‍റെ ഏകോപനത്തിനായി കണ്‍ട്രോള്‍ റൂമുകള്‍ സജജീകരിച്ചിട്ടുണ്ട്. വനം വകുപ്പിന്‍റെ അടിയന്തര ഓപ്പറേഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

വയനാട്

94479 79075 (ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, സൗത്ത് വയനാട്)
91884 07545 (എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്റര്‍, സൗത്ത് വയനാട്)
91884 07544 (എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്റര്‍, നോര്‍ത്ത് വയനാട്)
9447979070 (ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നോര്‍ത്തേണ്‍ സര്‍ക്കിള്‍)

നിലമ്പൂര്‍

91884 07537 (എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്റര്‍, നിലമ്പൂര്‍ സൗത്ത്)
94479 79065 (ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, സൗത്ത് നിലമ്പൂര്‍)
94479 79060 (ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഈസ്‌റ്റേണ്‍ സര്‍ക്കിള്‍)

Comments (0)
Add Comment