വയനാട് ഉരുള്‍പൊട്ടല്‍: തലപ്പാലിയില്‍ നിന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തി, തിരച്ചില്‍ തുടരുന്നു

Jaihind Webdesk
Tuesday, August 13, 2024

 

കല്‍പ്പറ്റ: വയനാട് ചൂരൽമല മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവർക്കായി നിലമ്പൂർ ചാലിയാർ തീരത്തെ ജനകീയ തിരച്ചിൽ തുടരുകയാണ്. അഞ്ചിടങ്ങളിലായി വിശദമായ തിരച്ചിലാണ് ഇന്ന് നടക്കുന്നത്. ഇന്നും ശരീര ഭാഗങ്ങൾ കണ്ടെത്തി. തലപ്പാലിയിൽ നിന്നാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മുണ്ടേരി ഫാം മുതല്‍ പരപ്പാന്‍പാറ വരെയുള്ള അഞ്ചുകിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ഒരു സംഘത്തിന്‍റെ തിരച്ചില്‍ നടക്കുന്നത്. എന്‍ഡിആര്‍എഫ്, അഗ്‌നിരക്ഷാ സേന, സിവില്‍ ഡിഫന്‍സ് സേന, പോലീസ്, തണ്ടര്‍ബോള്‍ട്ട്, വനംവകുപ്പ് എന്നീ സേനകള്‍ അടങ്ങുന്ന 60 അംഗ സംഘമാണ് ഇവിടെ തിരച്ചില്‍ നടത്തുന്നത്. വനമേഖലയായ പാണന്‍കായത്തില്‍ 10 സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 50 അംഗ സംഘവും പാണന്‍കായ മുതല്‍ പൂക്കോട്ടുമനവരെയും പൂക്കോട്ടുമന മുതല്‍ ചാലിയാര്‍ മുക്കുവരെയും 20 സന്നദ്ധപ്രവര്‍ത്തരും 10 പൊലീസുകാരും അടങ്ങുന്ന 30 അംഗ സംഘങ്ങളും തിരച്ചിൽ നടത്തുന്നുണ്ട്. ഇരുട്ടുകുത്തി മുതല്‍ കുമ്പളപ്പാറ വരെ സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന 40 അംഗ സംഘവും തിരച്ചിലിൽ പങ്കെടുക്കുകയാണ്.

ദുരന്തം നടന്നിട്ട് 14 ദിവസം പിന്നിടുമ്പോൾ ഇനി 130 ലേറെ ആളുകളെയാണ് കണ്ടെത്താനുള്ളത്. ക്യാമ്പില്‍ കഴിയുന്നവരുടെ താല്‍ക്കാലിക പുനരധിവാസത്തിനായി 253 വാടകവീടുകള്‍ കണ്ടെത്തിയുണ്ട്. നനൂറോളം കെട്ടിട ഉടമകള്‍ സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. ക്യാമ്പുകളിലും ആശുപത്രികളിലും കഴിയുന്നവരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചായിരിക്കും താല്‍ക്കാലിക പുനരധിവാസം. ദുരന്തബാധിതരുടെ ഉരുളെടുത്ത രേഖകള്‍ വീണ്ടെടുക്കുന്നതിനായി പ്രത്യേക ക്യാമ്പുകള്‍ക്കും തുടക്കമായി. ദുരന്തത്തില്‍ മരിച്ചവരുടെയും ഈടുവെച്ച വസ്തുവകകള്‍ നഷ്ടമായവരുടെയും മുഴുവന്‍ വായ്പകളും കേരള ബാങ്ക് എഴുതിത്തള്ളും.