ഡല്‍ഹി: ചൂരല്‍മല – മുണ്ടക്കൈ ദുരന്തത്തിലെ പുനരധിവാസത്തിന് കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി എം.പി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി. മുന്‍പൊരിക്കലും ഇല്ലാത്ത വിധം കേന്ദ്രസര്‍ക്കാര്‍ നല്‍കിയ തുച്ഛമായ സഹായം പോലും വായ്പ്പയായാണ് നല്‍കിയതെന്നും അത് പുനഃപരിശോധിക്കണമെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.
ദുരന്തബാധിതരുടെ വായ്പകളും എഴുതി തള്ളണമെന്ന് പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു. ദുരന്തം നടന്ന് ഒരു വര്‍ഷ കഴിയുമ്പോഴും പുനരധിവാസം നടപ്പാക്കുന്നതില്‍ സംവിധാനങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ട്. ജനങ്ങള്‍ കയ്യഴിച്ച് സഹായം നല്‍കിയിട്ടും ദുരന്തത്തിന് ഇരയായവര്‍ ഇന്നും ബുദ്ധിമുട്ടുകയാണ്. പാര്‍ലമെന്റില്‍ പ്രധാനപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നത് കൊണ്ട് ഇന്ന് വയനാട് എത്താന്‍ കഴിഞ്ഞില്ല. എല്ലാം നഷ്ടപ്പെട്ട ആ ജനതയോട് അവരുടെ അഗാധമായ ദുഃഖത്തില്‍ പങ്കു ചേരുകയും മുന്നോട്ടുള്ള യാത്രയില്‍ സ്‌നേഹവും പിന്തുണയും അറിയിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി എം പി പറഞ്ഞു.