വയനാട് ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണം; 5000 കോടിയുടെ പാക്കേജ് സംസ്ഥാനത്തിന് അനുവദിക്കണം, രാജ്യസഭയില്‍ ഉന്നയിച്ച് ജെബി മേത്തർ എംപി

Jaihind Webdesk
Wednesday, July 31, 2024

 

ന്യൂഡല്‍ഹി: വയനാട്ടിൽ സംഭവിച്ച ഉരുൾപൊട്ടലിന്‍റെ ആഘാതം കണക്കിലെടുത്ത് ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും 5000 കോടിയുടെ പാക്കേജ് സംസ്ഥാനത്തിന് അനുവദിക്കണമെന്നും രാജ്യസഭയിൽ ഉന്നയിച്ച് ജെബി മേത്തർ എംപി.  മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 25 ലക്ഷം വീതം നഷ്ടപരിഹാരം നൽകണമെന്നും എംപി ആവശ്യപ്പെട്ടു.

ആർമി, എയർഫോഴ്സ്, നേവി എന്നീ സേനാവിഭാഗങ്ങൾ ദുസ്സഹമായ സാഹചര്യത്തിലും രാപ്പകൽ വ്യത്യാസമില്ലാതെ ദുരന്തഭൂമിയിൽ സേവനം ചെയ്യുന്നതിനെ എംപി പ്രത്യേകം അഭിനന്ദിച്ചു. ദുരന്തത്തിൽ ചെറുഗ്രാമങ്ങളും, പാലങ്ങളും, റോഡുകളും ഉൾപ്പെടെ ഒലിച്ചുപോയി. രക്ഷപ്പെട്ടവരുടെ കൈകൾ ശൂന്യമാണ്. പല കുടുംബങ്ങളിലെയും മുഴുവൻ ആളുകളും കൊല്ലപ്പെട്ടു. ഓഖി, സുനാമി, പ്രളയം എന്നിവ സംഭവിച്ചിട്ടും സർക്കാർ പാഠം പഠിച്ചില്ലെന്നും വിവിധ സംവിധാനങ്ങൾ തമ്മിൽ ഏകോപനമില്ലാത്ത അവസ്ഥയാണെന്നും ജെബി മേത്തർ എംപി കുറ്റപ്പെടുത്തി.

ദുരന്തങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാനും മുൻകൂട്ടി അറിഞ്ഞ് ജനങ്ങളെ സുരക്ഷിതരാക്കാനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. ഡൈനാമിക് റിസ്ക് മാപ്പിംഗ് സിസ്റ്റത്തിലൂടെ ഇത്തരം ദുരന്തങ്ങൾ മുൻകൂട്ടി കണ്ടെത്താനുള്ള സംവിധാനം നിലവിൽ വരണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.