കല്‍പ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവരിലെ 4 പേരുടെ മൃതദേഹങ്ങൾ കൂടി ഇന്നത്തെ തിരച്ചിലില്‍ കണ്ടെത്തി. സൂചിപ്പാറ–കാന്തൻപാറ പ്രദേശത്തു നടത്തിയ തിരച്ചിലിലാണ് നാലുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്. രക്ഷാസേനയും നാട്ടുകാരും നടത്തിയ തിരച്ചിലിലാണു വനമേഖലയിൽനിന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. നാലു പൂർണ ശരീരങ്ങളും മരത്തിൽ കുടുങ്ങിയ നിലയില്‍ ഒരു കാലും കണ്ടെത്തിയതായി രക്ഷാപ്രവർത്തകർ അറിയിച്ചു. മൃതദേഹങ്ങൾ ജീർണിച്ച നിലയിലാണ്. 11-ാം ദിവസത്തെ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദുർഘടമായ മേഖലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്യും.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ ബന്ധുക്കളെ ഉള്‍പ്പെടുത്തി ജനകീയ തിരച്ചിലാണ് ഇന്ന്. ജനപ്രതിനിധികള്‍, എന്‍ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ സംഘത്തിനൊപ്പം ഇവരും തിരച്ചലില്‍ പങ്കാളികളാവും. രാവിലെ തുടങ്ങി വൈകിട്ട് വരെ തിരച്ചില്‍ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കാരണം 11 മണിയോടെ തിരച്ചില്‍ അവസാനിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ നാലു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയ സാഹചര്യത്തില്‍ തിരച്ചില്‍ തുടർന്നേക്കും. ആവശ്യമെങ്കില്‍ മറ്റൊരു ദിവസം ജനകീയ തിരച്ചില്‍ തുടരുമെന്ന് മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും എ.കെ. ശശീന്ദ്രനും അറിയിച്ചു. കോട നിറഞ്ഞ വനമേഖലയായതിനാൽ ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലിനും തടസം നേരിട്ടു.
നിലവില്‍ ദുരന്തത്തില്‍ കാണാതായവരുടെ പട്ടികയില്‍ 131 പേരാണുള്ളത്. ഇവരില്‍ കൂടുതല്‍ പേരും പുഞ്ചിരിമട്ടം, മുണ്ടക്കൈ, സ്‌കൂള്‍ റോഡ് ഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലുമായി കഴിയുന്നവരില്‍ 190 പേര്‍ തിരച്ചിലില്‍ പങ്കെടുക്കാന്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ജനപ്രതിനിധികള്‍, എന്‍ഡിആര്‍എഫ്, പോലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ സംഘവും തിരച്ചിലില്‍ പങ്കാളികളാണ്.