വയനാട് ഉരുള്‍പൊട്ടല്‍: 18 ദിവസം നീണ്ട തിരച്ചിലിന്‍റെ ആദ്യ ഘട്ടം പൂർത്തിയായി; 128 പേർ ഇപ്പോഴും കാണാമറയത്ത്

Jaihind Webdesk
Friday, August 16, 2024

 

വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ കാണാതായവർക്കുള്ള തിരച്ചിലിന്‍റെ ആദ്യ ഘട്ടം പൂർത്തിയായി. ദുരന്ത ഭൂമിയിലും ചാലിയാറിലും 18 ദിവസം നീണ്ട തിരച്ചിലാണ് അവസാനിപ്പിച്ചത്. ഇന്ന് നടന്ന തിരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെടുക്കാനായില്ല. ഉരുൾപൊട്ടലിൽ ബാങ്ക് രേഖകൾ നഷ്ടപ്പെട്ടവർക്കായി അദാലത്ത് മേപ്പാടിയിൽ നടന്നു.

ജൂലൈ 30ന് പുലർച്ചെ ഉരുൾപൊട്ടിയതു മുതൽ സർക്കാർ, സർക്കാരിതര സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വിശ്രമമറിയാതെ നടന്ന തിരച്ചിലിനാണ് താൽക്കാലിക വിരാമമാവുന്നത്. ആദ്യഘട്ട തിരച്ചിൽ പൂർത്തിയാകുമ്പോൾ 128 പേർ ഇപ്പോഴും കാണാമറയത്താണ്. ആയിരക്കണക്കിന്   സന്നദ്ധ പ്രവർത്തകരെ പങ്കെടുപ്പിച്ച്  ദുരന്ത ഭൂമിയിലും ചാലിയാറിലും തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ദുരുന്ത ഭൂമിയിലെത്തിയ മണ്ണുമാന്തി യന്ത്രങ്ങളിൽ 5 എണ്ണം ഒഴികെ ബാക്കിയെല്ലാം മടങ്ങി.

ചാലിയാറിലെ മണൽ തിട്ടകൾ കേന്ദ്രീകരിച്ചുള്ള തിരച്ചിൽ വരും ദിവസങ്ങളിലും തുടരും. ജില്ലാ ഭരണകൂടത്തിന്‍റെയും വിവിധ ബാങ്കുകളുടെയും നേതൃത്വത്തിൽ ദുരന്തബാധിതർക്ക് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാനുള്ള സൗകര്യം മേപ്പാടിയിൽ ഒരുക്കി. സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായം ദുരന്തബാധിതർക്ക് വേഗത്തിൽ എത്തിക്കുകയാണ് അടുത്ത ലക്ഷ്യം. ക്യാമ്പുകളിൽ നിന്ന് വാടകവീടുകളിലേക്ക് ആളുകളെ മാറ്റുന്ന നടപടിയും പുരോഗമിക്കുകയാണ്. ഉരുൾപൊട്ടൽ ബാധിത മേഖലയിൽ കഴിഞ്ഞ നാല് ദിവസമായി പഠനം നടത്തിയ വിദഗ്ധസംഘം 10 ദിവസത്തിനകം സർക്കാരിന് റിപ്പോർട്ട് കൈമാറും.