മലവെള്ളപ്പാച്ചിൽ പോലെ നിലയ്ക്കാതെ വിലാപങ്ങൾ; പൊതുശ്മശാനത്തിൽ എരിഞ്ഞടങ്ങുന്ന ഉറ്റവരെയോർത്ത് നെഞ്ചുപൊട്ടുന്നവർ

Jaihind Webdesk
Wednesday, July 31, 2024

 

വയനാട്: മുണ്ടക്കെെ ദുരന്തത്തിൽ മരിച്ചവരുടെ നിലവിളിയിൽ മേപ്പാടിയിലെ പൊതു ശ്മശാനം വിറങ്ങലിച്ചു. ചൊവ്വാഴ്ച രാത്രി 7 മുതൽ ബുധനാഴ്ച പുലർച്ചെ 3 വരെ 15 മൃതശരീരങ്ങളാണ് ഈ ശ്മശാനത്തിൽ എരിഞ്ഞടങ്ങിയത്. രാവിലെ 7 മുതൽ വീണ്ടും മൃതദേഹങ്ങൾ സംസ്കരിച്ചു തുടങ്ങി. ഉറ്റവരുടെയും ബന്ധുക്കളുടെയും മൃതദേഹങ്ങൾ ഒരു നോക്ക് കാണാൻ നിരവധിയാളുകളാണ് ഇവിടെ എത്തുന്നത്. മുഖം പോലും കാണാൻ പറ്റാത്ത ഒട്ടനവധി മൃതദേഹങ്ങൾ നൊമ്പരക്കാഴ്ചയായി. സന്നദ്ധ പ്രവർത്തകരടക്കമുള്ളവരാണ് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. അവസാനമായി വീടുകളിലേക്ക് തിരിച്ചെത്താൻ കഴിയാത്തവിധം എല്ലാം നഷ്ടപ്പെട്ടവരുടെ നൊമ്പരങ്ങളാണ് ഇവിടെ എരിഞ്ഞടങ്ങുന്നത്.