വയനാട്ടില്‍ ഇന്ന് ജനകീയ തിരച്ചില്‍; മരണം 413, കണ്ടെത്താനുള്ളത് 131 പേരെ

Jaihind Webdesk
Friday, August 9, 2024

 

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ ബന്ധുക്കളെ ഉള്‍പ്പെടുത്തി ജനകീയ തിരച്ചില്‍ ഇന്ന്. രാവിലെ ആറ് മണി മുതല്‍ 11 മണി വരെയാണ് തിരച്ചില്‍ നടത്തുന്നത്. ജനപ്രതിനിധികള്‍, എന്‍ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ സംഘത്തിനൊപ്പം ഇവരും തിരച്ചലില്‍ പങ്കാളികളാവും. രാവിലെ തുടങ്ങി വൈകിട്ട് വരെ തിരച്ചില്‍ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കാരണം 11 മണിക്ക് അവസാനിപ്പിക്കും. ആവശ്യമെങ്കില്‍ മറ്റൊരു ദിവസം ജനകീയ തിരച്ചില്‍ തുടരുമെന്ന് മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും എ.കെ. ശശീന്ദ്രനും അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരില്‍ 190 പേരാണ് തിരച്ചിലില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിലവില്‍ ദുരന്തത്തില്‍ കാണാതായവരുടെ പട്ടികയില്‍ 131 പേരാണുള്ളത്. ഇവരില്‍ കൂടുതല്‍ പേരും പുഞ്ചിരിമട്ടം, മുണ്ടക്കൈ, സ്‌കൂള്‍ റോഡ് ഭാഗങ്ങളില്‍ നിന്നുള്ളവരാണ്. പത്തു ദിവസത്തെ രക്ഷാപ്രവർത്തനത്തിനുശേഷം സൈന്യം തിരച്ചില്‍ അവസാനിപ്പിച്ച് ഇന്നലെ മടങ്ങിയിരുന്നു. വികാരനിർഭരമായ യാത്രയയപ്പാണ് സൈന്യത്തിന് നല്‍കിയത്. ബെയ്‌ലി പാലത്തിന്‍റെ അറ്റകുറ്റപ്പണികള്‍ക്കും ഡൗണ്‍സ്ട്രീം തിരച്ചിലിനും ഉള്‍പ്പെടെ 36 അംഗ സൈനിക സംഘം വയനാട്ടില്‍ തുടരും.

നിലവില്‍ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റും കഴിയുന്നവരുടെ അടിയന്തര പുനരധിവാസത്തിനായി 27 പിഡബ്ല്യുഡി ക്വാര്‍ട്ടേഴ്‌സുകളും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ ക്വാര്‍ട്ടേഴ്‌സുകളും സ്വകാര്യ വ്യക്തികളുടെ വീടുകളും ഉള്‍പ്പെടെ നൂറോളം കെട്ടിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന്‍റെ ഭാഗമായികൗണ്‍സലിംഗ് സെഷനുകളും പുരോഗമിക്കുന്നുണ്ട്.