കണ്ണീരുണങ്ങാതെ വയനാട്, മരണം 392; സൂചിപ്പാറ മുതല്‍ പോത്തുകല്ല് വരെ ഇന്ന് തിരച്ചില്‍

Jaihind Webdesk
Tuesday, August 6, 2024

 

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 392 ആയി. കാണാതായവർക്കുവേണ്ടിയുള്ള തിരച്ചില്‍ എട്ടാം ദിവസത്തിലേക്ക് കടന്നു. സൂചിപ്പാറ മുതൽ പോത്തുകല്ലു വരെ ഇന്ന് തിരച്ചില്‍ നടത്തും. ചാലിയാറിന്‍റെ ഇരുകരകളിലും നിലമ്പൂർ വരെയും ഇന്ന് അന്വേഷണം നടത്തും. ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരും തിരച്ചിലിന്‍റെ ഭാഗമാകും.

സൂചിപ്പാറയ്ക്ക് താഴെയുള്ള രണ്ട് വെള്ളച്ചാട്ടങ്ങൾക്കു സമീപവും പരിശോധന നടത്തും. മൃതദേഹങ്ങൾ കണ്ടെത്തുന്നതിൽ പരിശീലനം നേടിയ ഡോഗ് സ്ക്വാഡിന്‍റെ സഹായത്തോടെയാണ് തിരച്ചിൽ നടത്തുക. തിങ്കളാഴ്ച്ച മൃതദേഹങ്ങൾ കണ്ടെത്തിയ പ്രദേശങ്ങളിൽ വീണ്ടും തിരച്ചിൽ നടത്തുമെന്ന് റവന്യൂവകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും മറവ് ചെയ്യുന്നതിന് ഹാരിസൺ പ്ലാന്‍റേഷന്‍റെ 50 സെന്‍റ് സ്ഥലം കൂടി ദുരന്ത നിവാരണ നിയമ പ്രകാരം ജില്ലാ കളക്ടർ ഏറ്റെടുക്കും. 158 ശരീര ഭാഗങ്ങൾ കൂടി മറവ് ചെയ്യുന്നതിന് പുതുതായി ഏറ്റെടുത്ത 50 സെൻ്റ് ഭൂമി ഉപയോഗിക്കുമെന്ന് മന്ത്രി അറിയിച്ചു. 30 മൃതദേഹങ്ങളാണ് ഇന്നലെ സംസ്കരിച്ചത്.

മുണ്ടക്കൈ, ചൂരൽമല ദുരിതബാധിത മേഖലയിൽ 24 മണിക്കൂറും മൊബൈൽ പോലീസ് പട്രോൾ ശക്തിപ്പെടുത്തും. ദുരന്ത ബാധിത പ്രദേശങ്ങളിലെ റേഷൻ കടകൾ വഴി സൗജന്യ റേഷൻ വിതരണവും ചെയ്യും. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. ഇവിടെ തൊഴിലുറപ്പ് പദ്ധതിയിലൂടെ 180 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും. തകർന്ന കെട്ടിടങ്ങളുടെ നഷ്ടപരിഹാരം കണക്കാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഇന്ന് മുതൽ പരിശോധന നടത്തും. പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങളുടെ വിവരങ്ങൾ വിദഗ്ധർ പരിശോധിച്ച് തീരുമാനിക്കും.

താത്ക്കാലിക പുനരധിവാസം, രേഖകളുടെ വിവര ശേഖരണം, ഗ്രീൻ പ്രോട്ടോക്കോൾ പാലനം, മാലിന്യ നിർമ്മാർജ്ജനം, ഉപജീവന പദ്ധതികൾ, ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങൾ, കൗൺസിലിംഗ്, ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തദ്ദേശ സ്വയംഭരണ വകുപ്പ് നടപടി സ്വീകരിക്കും. നഷ്ടമായ രേഖകളുടെ വിവരശേഖരണം രണ്ട് ദിവസത്തിനകം പൂർത്തിയാക്കും. അതിനുശേഷം രേഖകൾ എത്രയും വേഗം ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കും ഇതിനായി അക്ഷയ, ഐടി മിഷൻ, പഞ്ചായത്തുകൾ എന്നിവക്കുള്ള ബൗദ്ധിക സാഹചര്യം തദ്ദേശ സ്വയംഭരണ വകുപ്പ് ഒരുക്കും. രേഖകൾ നഷ്ടപ്പെട്ട ഒരാളും പേടിക്കേണ്ടതില്ലെന്ന് റവന്യുമന്ത്രി പറഞ്ഞു.