കൊവിഡ്: രാഹുല്‍ ഗാന്ധിയുടെ എം.പി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ രണ്ട് വെന്‍റിലേറ്ററുകള്‍ കൂടി വയനാട് ജില്ലാ ആശുപത്രിയിലെത്തി

കല്‍പ്പറ്റ:  കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ആശുപത്രിയിലേക്ക് രണ്ട് വെന്‍റിലേറ്ററുകള്‍ കൂടിയെത്തി. രാഹുല്‍ ഗാന്ധി എം.പി അനുവദിച്ച ഫണ്ടില്‍ നിന്നും 11,20,000 രൂപ വിനിയോഗിച്ചാണ് ഇവ വാങ്ങിയത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന സംവിധാനമുളള വെന്‍റിലേറ്ററുകളാണിവ. മൈസൂരില്‍ നിന്നാണ് ഇവ എത്തിച്ചത്.

കൊവിഡ്  പ്രതിരോധപ്രവർത്തങ്ങളുടെ ഭാഗമായി മലപ്പുറം ,കോഴിക്കോട് ,വയനാട് ജില്ലകളിലെ വിവിധ ആശുപത്രികളിൽ വെന്‍റിലേറ്റർ,  ഐസിയു  അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് രാഹുൽ ഗാന്ധി എം .പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 270.60ലക്ഷം രൂപ അനുവദിച്ചിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജ് , മഞ്ചേരി മെഡിക്കൽ കോളേജ് , മാനന്തവാടി ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ വെന്‍റിലേറ്റർ , ഐസിയു ക്രമീകരണം , കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതിനായാണ് ഫണ്ട് വകയിരുത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിന് 25 ലക്ഷം, മഞ്ചേരി മെഡിക്കൽ കോളേജിന് 145.60 ലക്ഷം, വയനാട് ജില്ലാ ആശുപത്രിയിക്ക് 100 ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചത്.

അതേസമയം വയനാട് നിയോജക മണ്ഡലത്തിലേക്ക്  20000 മാസ്ക്, 1000 ലിറ്റർ സാനിറ്റൈസർ, 50 തെർമല്‍ സ്കാനറുകള്‍ എന്നിവ രാഹുൽഗാന്ധി നേരത്തെ കൈമാറിയിരുന്നു. 30 തെര്‍മല്‍ സ്കാനറുകള്‍ വയനാട് മണ്ഡലത്തില്‍ രാഹുൽ ഗാന്ധി എം.പി നേരത്തെ എത്തിച്ചിരുന്നു.ഒപ്പം സ്‌കാനറുകളില്‍ 10 എണ്ണം വീതം കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കും കൈമാറി.  കൊവിഡ് 19ന്‍റെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ രാഹുൽ ഗാന്ധി വയനാട്, കോഴിക്കോട്, മലപ്പുറം കളക്ടര്‍മാരെ ടെലിഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മൂന്ന് ജില്ലകൾക്കും രാഹുൽ ഗാന്ധിയുടെ സഹായമെത്തിയത്. കഴിഞ്ഞ പ്രളയകാലത്ത് വയനാടൻ ജനതയ്ക്ക് കൈത്താങ്ങായി 5000 കിലോ അരിയും മറ്റ് അവശ്യവസ്തുക്കളും അദ്ദേഹം എത്തിച്ചിരുന്നു.

Comments (0)
Add Comment