ചൂരല്‍മലയില്‍ വീണ്ടും ദുരന്തബാധിതരുടെ പ്രതിഷേധം. പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടാത്ത സ്കൂള്‍ റോഡിലേയും പടവെട്ടിക്കുന്നിലേയും നാട്ടുകാരാണ് പ്രതിഷേധിച്ചത്. ജനശബ്ദം ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നാളെ കലക്ടറേറ്റ് ഉപരോധിക്കാനും പ്രതിഷേധക്കാര്‍ തീരുമാനിച്ചു. ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടുപോയ മേഖലയിലേക്ക് തിരിച്ചു പോവില്ല എന്നാണ് ദുരന്തബാധിതരുടെ നിലപാട്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനു ദുരന്ത ബാധിതരാണ് പ്രതിഷേധവുമായെത്തിയത്. പുനരധിവാസ ടൗണ്‍ഷിപ്പില്‍ ഉള്‍പ്പെടുത്തണമെന്നാണ് അവരുടെ ആവശ്യം. മുദ്രാവാക്യം വിളിച്ച് ബെയ്ലി പാലത്തിലൂടെ മുന്നോട്ട് നീങ്ങി പ്രതിഷേധം തുടര്‍ന്നു.
ഭൗമശാസ്ത്രജന് ജോണ്‍ മത്തായി കമ്മീഷന്, വാസയോഗ്യം എന്ന് അടയാളപ്പെടുത്തിയതോടെയാണ് സ്കൂള്‍റോഡ് മുതല്‍ പടവെട്ടിക്കുന്നുവരെയുള്ള 30 ഓളം കുടുംബങ്ങള്‍ ഗുണഭോക്തൃ ലിസ്റ്റില്‍ നിന്ന് പുറത്തായത്. ദുരന്തഭൂമിയിലേക്ക് തിരികെ പോകാന്‍ തങ്ങള്‍ക്കാവില്ലെന്നും വീണ്ടും തങ്ങളെ കുരുതിക്ക് കൊടുക്കുന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും ഇരകള്‍ പറയുന്നു. മൂന്ന് ഭാഗവും ഒറ്റപ്പെട്ട ദുരന്തസാധ്യത മേഖലയിലേക്ക് വീണ്ടും തിരിച്ചു പോകേണ്ട സ്ഥിതിയിലാണ് ദുരിതബാധിതര്‍ക്ക് . അതേസമയം ദിവസം 300 രൂപ വെച്ചുള്ള സഹായം മുടങ്ങിയതിലടക്കം പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് ദുരന്തബാധിതര്‍. ജനശബ്ദം ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നാളെ കളക്ടറേറ്റ് ഉപരോധിക്കും. സര്‍ക്കാര്‍ നല്കിയ തിരിച്ചറിയല്‍ കാര്‍ഡ് അടക്കം തിരിച്ചു നല്‍കിയാകും പ്രതിഷേധം കടുപ്പിക്കുക.
ഇന്നലെ നിയമസഭ സമ്മേളനത്തില്‍ വയനാട് ദുരന്തം അടിയന്തര പ്രമേയമായി പ്രതിപക്ഷം ഉന്നയിച്ചിരുന്നെങ്കിലും സ്പീക്കര്‍ അവതരണാനുമതി നിഷേധിക്കുകയായിരുന്നു. കേന്ദ്രം ക്രൂരമായ അവഗണനയാണ് ദുരന്തബാധിതരോട് കാട്ടുന്നതെന്നും അതിന് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന് കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ന് ഡല്‍ഹി കേരള ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വയനാട് ദുരന്തം സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ചയില്‍ വന്നിരുന്നുവെന്നാണ് ലഭിച്ചിരിക്കുന്ന വിവരങ്ങള്‍.